Zygo-Ad

ഇന്ത്യയിൽ എൽ.പി.ജി ഉപഭോഗത്തിൽ വൻ കുറവ്; 16 ശതമാനം ഇടിവെന്ന് റിപ്പോർട്ട്


ന്യൂഡൽഹി: രാജ്യത്ത് പാചകവാതക (എൽ.പി.ജി) ഉപഭോഗത്തിൽ വൻ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. നടപ്പു സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ എൽ.പി.ജി ഉപഭോഗം 16 ശതമാനം കുറഞ്ഞതായി പെട്രോളിയം മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെൽ (പി.പി.എ.സി) വ്യക്തമാക്കുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 13.4 ദശലക്ഷം ടണ്ണായിരുന്ന ഉപഭോഗം ഇത്തവണ 11.3 ദശലക്ഷം ടണ്ണായാണ് ചുരുങ്ങിയത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ കാരണം എൽ.പി.ജി വിതരണത്തിലുണ്ടായ തടസ്സങ്ങളും സിലിണ്ടറുകൾ ലഭിക്കാനുണ്ടായ കാലതാമസവുമാണ് പ്രധാന കാരണം. ക്ഷാമം രൂക്ഷമായതോടെ ഗാർഹിക-വാണിജ്യ ഉപഭോക്താക്കൾ പൈപ്പ് വഴിയുള്ള പ്രകൃതിവാതകത്തിലേക്ക് (പി.എൻ.ജി) മാറാൻ തുടങ്ങിയതാണ് ഉപഭോഗം കുറയാൻ ഇടയാക്കിയത്.

എൽ.പി.ജിയിൽ നിന്ന് പി.എൻ.ജിയിലേക്കുള്ള മാറ്റം വേഗത്തിലാക്കാൻ ജില്ലാതലത്തിൽ ആവശ്യമായ പിന്തുണ നൽകണമെന്ന് പെട്രോളിയം മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനായി എണ്ണ വിപണന കമ്പനികളുമായും ഗ്യാസ് വിതരണക്കാരുമായും ഏകോപനം നടത്താൻ പ്രത്യേക നോഡൽ ഓഫീസർമാരെ നിയമിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ