ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരും ഉദ്യോഗസ്ഥരും സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് കർശന പെരുമാറ്റച്ചട്ടം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. സർക്കാരിന്റെ നയങ്ങളെ പരസ്യമായി വിമർശിക്കുന്നത് തടയുന്നതിനൊപ്പം ഡ്യൂട്ടിക്കിടെ വ്യക്തിപരമായ റീലുകൾ, വീഡിയോകൾ, അഭിപ്രായങ്ങൾ എന്നിവ പോസ്റ്റ് ചെയ്യുന്നതും ഔദ്യോഗിക പദവി ഉപയോഗിച്ച് സ്വയം മഹത്വവൽക്കരിക്കുന്നതും നിയന്ത്രിക്കുകയാണ് പ്രധാന ലക്ഷ്യം. ഇതുസംബന്ധിച്ച് അടിയന്തര സാധ്യത പരിശോധിക്കാൻ ഉന്നത ഉദ്യോഗസ്ഥർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകി.
പുതിയ മാർഗ്ഗരേഖ പ്രകാരം ഉദ്യോഗസ്ഥർ സമൂഹമാധ്യമ പ്രൊഫൈലുകളിൽ സർക്കാർ ലോഗോകളും ഔദ്യോഗിക ചിഹ്നങ്ങളും ഉപയോഗിക്കുന്നത് തടയും. കൂടാതെ, ഔദ്യോഗിക രഹസ്യ സ്വഭാവമുള്ളതോ തന്ത്രപ്രധാനമായതോ ആയ രേഖകൾ അനുമതിയില്ലാതെ പങ്കുവെക്കുന്നത് ഗുരുതര നിയമലംഘനമായി കണക്കാക്കും. ഓൺലൈൻ വഴിയുള്ള വിവര ചോർച്ചയും മാൽവെയർ ഭീഷണികളും പ്രതിരോധിക്കാനുള്ള പ്രത്യേക സുരക്ഷാ വ്യവസ്ഥകളും പെരുമാറ്റച്ചട്ടത്തിൽ ഉൾപ്പെടുത്തും.
