കൊച്ചി: സമൂഹമാധ്യമ ഇൻഫ്ലുവൻസറും യൂട്യൂബറുമായ വൈക്കം ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശി തംബുരു കെ.കെ (ക്വീൻ ഫിഷർ) യെ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം പുളിഞ്ചുവടിലെ വാടകവീട്ടിൽ തിങ്കളാഴ്ച വൈകീട്ടോടെയാണ് തംബുരുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വൈകീട്ട് അഞ്ച് മണിയോടെ സ്‌കൂൾ വിട്ടെത്തിയ 13 കാരിയായ മകളാണ് മൃതദേഹം ആദ്യം കണ്ടത്. വിവാഹമോചിതയായ തംബുരു മകളോടൊപ്പം വാടകവീട്ടിലായിരുന്നു താമസം. സംഭവത്തിൽ വൈക്കം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം കാട്ടിക്കുന്നിലെ തറവാട്ടു വീട്ടിലെത്തിച്ച് സംസ്‌കരിച്ചു.
പരമ്പരാഗത രീതിയിലുള്ള മീൻപിടിത്ത ദൃശ്യങ്ങളിലൂടെ സമൂഹമാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ആരാധകരെ നേടിയ വ്യക്തിയാണ് തംബുരു. 'ക്വീൻ ഫിഷർ' എന്ന പേരിലുള്ള ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് ചാനലുകളിലൂടെയാണ് ഇവർ വീഡിയോകൾ പങ്കുവെച്ചിരുന്നത്.
