കോഴിക്കോട്: കേരളത്തിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തിയതായി സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ പുതിയ റിപ്പോർട്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാനത്തെ ആത്മഹത്യകളിൽ 37.42 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്.
2015-ൽ 7,692 പേരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തതെങ്കിൽ 2025-ൽ ഇത് 10,571 ആയി ഉയർന്നു. പത്ത് വർഷത്തിനിടെ ആകെ 1,00,679 പേരാണ് ജീവനൊടുക്കിയത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. കുറവ് മലപ്പുറം ജില്ലയിലാണ്.
മുതിർന്നവരിൽ മാത്രമല്ല, കുട്ടികളിലും കൗമാരക്കാരിലും ആത്മഹത്യ വർധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 2025-ൽ 14 വയസ്സിന് താഴെയുള്ള 46 കുട്ടികളും 14 മുതൽ 17 വരെയുള്ള പ്രായക്കാരിൽ 306 പേരും ജീവനൊടുക്കി. അതായത് പ്രതിദിനം ഒരു കുട്ടി വീതം ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
മറ്റ് പ്രായക്കാരുടെ കണക്കുകൾ:
18 - 29 വയസ്സ്: 1,739
30 - 44 വയസ്സ്: 2,512
45 - 59 വയസ്സ്: 2,981
60 വയസ്സിന് മുകളിൽ: 2,986
കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തവരിൽ 81 ശതമാനവും പുരുഷന്മാരാണ് (8,576 പേർ). സ്ത്രീകൾ 1,994 പേരുമാണ്. ജീവനൊടുക്കിയവരിൽ 73 ശതമാനം പേരും വിവാഹിതരാണ്. 80 ശതമാനം മരണങ്ങളും തൂങ്ങിമരണമാണ്.
കുടുംബ ആത്മഹത്യകൾ കൂടുതൽ റിപ്പോർട്ട് ചെയ്തത് കൊല്ലം, മലപ്പുറം ജില്ലകളിലാണ്. 14 കുടുംബങ്ങളിലായി 31 പേരാണ് കഴിഞ്ഞ വർഷം ജീവനൊടുക്കിയത്. പഠനസമ്മർദ്ദം, പ്രണയപരാജയം, സോഷ്യൽ മീഡിയയുടെ സ്വാധീനം, ലഹരി ഉപയോഗം, മാനസികമായ ഒറ്റപ്പെടൽ എന്നിവയാണ് കുട്ടികളിലും യുവാക്കളിലും ഇത്തരം പ്രവണത വർധിക്കാൻ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
