കാസർകോട്: കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ രോഗിയെ പരിചരിക്കാനെത്തിയ സ്ത്രീയുടെ 52,000 രൂപയും പ്രധാനപ്പെട്ട രേഖകളും അടങ്ങിയ പേഴ്‌സ് മോഷ്ടിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ഇരിട്ടി പയഞ്ചേരി മുക്ക് സ്വദേശിയായ രാജേഷ് കുമാർ (30) ആണ് കാസർകോട് ടൗൺ പൊലീസിന്റെ പിടിയിലായത്.
ഓഗസ്റ്റ് അവസാന വാരത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൈവളപ്പ് ഹൗസിൽ ടിഎ അബ്ദുൽ ഖാദറിന്റെ പരാതിയിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. അസുഖ ബാധിതനായ പിതാവിനെ ശുശ്രൂഷിക്കാനായി ആശുപത്രി മുറിയിലുണ്ടായിരുന്ന മാതാവിന്റെ പേഴ്‌സാണ് മേശവലിപ്പിൽ നിന്ന് മോഷണം പോയത്.
പേഴ്‌സ് കാണാതായതിനെ തുടർന്ന് നടത്തിയ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലാണ് പ്രതിയെ കുറിച്ച് വിവര ലഭിച്ചത്. കാസർകോട് പൊലീസ് ഇൻസ്‌പെക്ടർ മെൽവിൻ ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി രാജേഷ് കുമാർ ഇരുപതിലധികം മോഷണക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
