Zygo-Ad

സംസ്ഥാനത്തെ ജലസംഭരണികളിൽ വെള്ളം താഴുന്നു: ആഭ്യന്തര വൈദ്യുതോത്പാദനം പ്രതിസന്ധിയിലേക്ക്, ഇടുക്കിയിലും സ്ഥിതി ഗുരുതരം



തിരുവനന്തപുരം: ചൂട് കടുത്തതോടെ കേരളത്തിലെ കെഎസ്ഇബി ജലസംഭരണികളിൽ ജലനിരപ്പ് വേഗത്തിൽ താഴുന്നു. നിലവിലെ കണക്കനുസരിച്ച് സംസ്ഥാനത്തെ സംഭരണികളിൽ ആകെയുള്ളത് 63 ശതമാനം വെള്ളം മാത്രമാണ്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ജലലഭ്യതയിൽ 25 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. നിലവിലുള്ള വെള്ളം ഉപയോഗിച്ച് 2610.11 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമേ ഉത്പാദിപ്പിക്കാൻ സാധിക്കൂ എന്നതിനാലും പ്രതിദിന വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റിനോട് അടുക്കുന്നതിനാലും വൈദ്യുതോത്പാദനത്തിൽ കടുത്ത ആശങ്കയാണ് നിലനിൽക്കുന്നത്.

പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞതോടെ ഇടുക്കി, ശബരിഗിരി ഉൾപ്പെടെയുള്ള പ്രധാന പദ്ധതികളിൽ ആഭ്യന്തര ഉത്പാദനം വർധിപ്പിച്ചിരിക്കുകയാണ്. എന്നാൽ മഴ ലഭിക്കാത്ത സാഹചര്യത്തിൽ ഉത്പാദനം കൂട്ടുന്നത് സംഭരണികളിലെ ജലനിരപ്പ് ഇനിയും വേഗത്തിൽ കുറയാൻ ഇടയാക്കും. പ്രധാന പദ്ധതിപ്രദേശങ്ങളിലൊന്നും കഴിഞ്ഞ ദിവസങ്ങളിൽ മഴ ലഭിച്ചിട്ടില്ല.

ഇടുക്കി അണക്കെട്ടിൽ കഴിഞ്ഞ വർഷത്തെക്കാൾ 13 അടിയിലേറെ ജലനിരപ്പ് താഴ്ന്നു. 2368.46 അടിയാണ് നിലവിലെ ജലനിരപ്പ്. കഴിഞ്ഞ വർഷം ഇതേസമയത്ത് 2382.28 അടിയായിരുന്നു. ഇടുക്കിയിലെ വൈദ്യുതോത്പാദനത്തെ ബാധിക്കുന്ന സാഹചര്യം സംസ്ഥാനത്തെ മൊത്തം വൈദ്യുതി വിതരണത്തെയും കടുത്ത പ്രതിസന്ധിയിലാക്കും.

 

വളരെ പുതിയ വളരെ പഴയ