തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ പിൻവലിച്ചതോടെ അന്തരീക്ഷ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് മുതൽ സെപ്റ്റംബർ 13 വരെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ താപനില സാധാരണയെക്കാൾ 3 മുതൽ 4°C വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
മഴ മാറിനിൽക്കുന്നതും അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് കൂടുതലായി തുടരുന്നതും മൂലം പലയിടങ്ങളിലും കടുത്ത ഉഷ്ണവും സൂര്യാഘാത സാധ്യതയും അനുഭവപ്പെടാം. ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കാനും സൂര്യാഘാതത്തിനെതിരെ ജാഗ്രത പാലിക്കാനും ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാകാതിരിക്കാൻ ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും, തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ ജോലി സമയം ക്രമീകരിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
