ഇടുക്കി: കനത്ത മഴയെ തുടർന്ന് ഇടുക്കി വട്ടവട കൊട്ടക്കമ്പൂരിൽ കൃഷിസ്ഥലത്തെ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് പേർ മരിച്ചു. വട്ടവട സ്വദേശികളായ ബാലകൃഷ്ണൻ പെരുമാൾ (50), ബന്ധു ചിന്നു (35) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മാളിനെ ആശുപത്രിയിലേക്ക് മാറ്റി.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം. കൃഷി സ്ഥലത്ത് വിശ്രമത്തിനായി നിർമ്മിച്ച ഷെഡ്ഡിലേക്ക് ശക്തമായ മഴയിൽ വെള്ളവും മണ്ണും ഒലിച്ചെത്തി തകർന്നുവീഴുകയായിരുന്നു. മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ വൈദ്യുതാഘാതമേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ പ്രദേശത്ത് മഴ ശമിച്ചിട്ടുണ്ട്.
അതേസമയം, കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളായ തീക്കോയി, തലനാട്, വാഗമൺ എന്നിവിടങ്ങളിലും ശക്തമായ മഴയാണ് പെയ്യുന്നത്. മഴയെ തുടർന്ന് മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. തീക്കോയി - വാഗമൺ റൂട്ടിലെ കാരികാട് ടോപ്പിൽ മണ്ണിടിഞ്ഞ് രണ്ട് കാറുകൾക്ക് മുകളിലേക്ക് വീണെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
