Zygo-Ad

മലപ്പുറം ചോക്കാട് കോട്ടപ്പുഴയിൽ മലവെള്ളപ്പാച്ചിൽ: രണ്ടുപേർ മരിച്ചു


മലപ്പുറം: ചോക്കാട് കോട്ടപ്പുഴയിൽ അപ്രതീക്ഷിതമായുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ പുഴയിലകപ്പെട്ട രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് ചോക്കാട്-അമരമ്പലം പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പൂക്കോട്ടുംപാടത്തെ ടി.കെ കോളനി പുഴയിലും ഉളർവട്ടം കടവിലും ശക്തമായ മലവെള്ളപ്പാച്ചിൽ അനുഭവപ്പെട്ടത്. മരിച്ച രണ്ടുപേരെയും തിരിച്ചറിഞ്ഞിട്ടില്ല.

തീരപ്രദേശങ്ങളിൽ മഴയില്ലാതിരുന്ന സമയത്താണ് അപ്രതീക്ഷിതമായി പുഴയിലെ ജലനിരപ്പും ഒഴുക്കും ഉയർന്നത്. ഇതോടെ പുഴയിലുണ്ടായിരുന്ന അഞ്ച് പേർ ഒഴുക്കിൽപ്പെടുകയായിരുന്നു. അപകടം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് നടത്തിയ അടിയന്തര രക്ഷാപ്രവർത്തനത്തിൽ മൂന്ന് പേരെ കരയ്ക്കെത്തിക്കാനായി.

തുടർന്ന് നടത്തിയ തിരിച്ചിലിലാണ് കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. ശക്തമായ ഒഴുക്കും പാറക്കെട്ടുകളും കാരണം മേഖലയിൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള നടപടികൾ പോലീസ് പൂർത്തിയാക്കി വരികയാണ്.



വളരെ പുതിയ വളരെ പഴയ