തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് നടപ്പിലാക്കാൻ തീരുമാനിച്ച പുതിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണങ്ങൾ അംഗീകരിക്കാനാകില്ലെന്ന് ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകൾ വ്യക്തമാക്കി. വിഷയത്തിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ഗതാഗതമന്ത്രിയുമായി ചർച്ച നടത്താനാണ് സംഘടനകളുടെ തീരുമാനം.
റോഡപകടങ്ങൾ മുൻകൂട്ടി കണ്ട് ഒഴിവാക്കാനുള്ള ഡ്രൈവിങ് ശേഷി പരിശോധിക്കുന്ന ഹസാർഡ് പേർസപ്ഷൻ ടെസ്റ്റ് (Hazard Perception Test) പുതിയ പരിഷ്കരണത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിരുന്നു. എന്നാൽ തങ്ങളുമായി യാതൊരുവിധ മുൻകൂട്ടി ചർച്ചയും നടത്താതെയാണ് വകുപ്പ് ഏകപക്ഷീയമായി തീരുമാനം എടുത്തതെന്നാണ് ഡ്രൈവിങ് സ്കൂൾ ഉടമകൾ ആരോപിക്കുന്നത്.
ഡ്രൈവിങ് സ്കൂൾ ഉടമകളുമായി ചർച്ച നടത്തിയ ശേഷമാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ സി.എച്ച്. നാഗരാജു വ്യക്തമാക്കിയിരുന്നുവെങ്കിലും ഇത് നിഷേധിക്കുകയാണ് സംഘടനകൾ ചെയ്തത്.
