തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പിന്റെ 60 സേവനങ്ങൾ തിങ്കളാഴ്‌ച മുതൽ ആധാർ അധിഷ്ടിതമാകും. ഏജന്റുമാരുടെ ഇടനില ഒഴിവാക്കി സേവനം കൂടുതൽ സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അപേക്ഷ പൂർണ്ണമായും ഓൺലൈനായി നിർവഹിക്കാനാകുന്ന സംവിധാനം ഏർപ്പെടുത്തുന്നത്. വാഹന സംബന്ധമായ സേവനങ്ങൾ നൽകുന്ന വാഹൻ, ഡ്രൈവിങ് ലൈസൻസ് സംബന്ധമായ സേവനങ്ങൾക്കുള്ള സാരഥി എന്നീ പോർട്ടലുകൾ വഴിയുള്ള സേവനങ്ങളാണ് പൂർണമായും ഓൺലൈനാക്കുന്നത്.
നിലവിൽ 21 സേവനങ്ങൾ മാത്രമാണ് ആർടിഒ ഓഫീസുകളിൽ നേരിട്ട് ഹാജരാകാണ്ട് ലഭ്യമായിരുന്നത്. ബാക്കിയുള്ളവയ്ക്ക് കൃത്യമായ ഒടിപി പരിശോധന ഇല്ലാത്തതിനാൽ ഇടനിലക്കാർ അപേക്ഷകരെ ചൂഷണം ചെയ്യുന്നതായി പരാതി ഉയർന്നിരുന്നു. അപേക്ഷ മനഃപൂർവം വൈകിപ്പിച്ച ശേഷം വേഗത്തിലാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടുന്ന പ്രവണത തടയുകയാണ് പുതിയ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ ക്രമീകരണം നിലവിൽ വരുന്നതോടെ ഏജന്റിന്റെ കൈവശം വാഹനരേഖകൾ ഏൽപ്പിച്ച് ഫീസും നൽകിയാൽ മാത്രം അപേക്ഷ നടപടികൾ പൂർത്തിയാവില്ല. ആധാറുമായി ബന്ധിപ്പിച്ച വാഹന ഉടമയുടെ ഫോൺ നമ്പറിലേക്കാവും ഇനി ഒടിപി എത്തുക്ക. നിലവിൽ ഏജന്റുമാർ സ്വന്തം മൊബൈൽ നമ്പർ നൽകി ഒടിപി സ്വന്തം ഫോണിൽ സ്വീകരിച്ച് നടപടി പൂർത്തിയാക്കുന്ന രീതി ഇനി നടപ്പിലാകില്ല. പുതിയ സംവിധാനം വരുന്നതോടെ അപേക്ഷകൾ ആദ്യം വരുന്നവർക്ക് ആദ്യം എന്ന മുൻഗണനാ ക്രമത്തിലാകും തീർപ്പാക്കുക.
വാഹന പരിശോധന, അനന്തരാവകാശികളെ തിരിച്ചറിയൽ, വ്യക്തിഗത വാദം കേൾക്കൽ എന്നിവയ്ക്ക് ഒഴികെ ഓഫീസുകളിൽ പോകേണ്ടതില്ല. ഇത്തരം ആവശ്യങ്ങൾക്കുള്ള സ്ലോട്ടുകൾ 'നമ്മുടെ കേരളം’ പോർട്ടൽ വഴി ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിക്കും. വ്യക്തിഗത വാദം കേൾക്കലിന് പോർട്ടലിലെ 'വി മീറ്റ്' സംവിധാനത്തിലൂടെ വീഡിയോ കോൾ വഴിയും ഹാജരാകാം. ഓൺലൈൻ അപേക്ഷകളുടെ പകർപ്പ് ഓഫീസുകളിൽ സമർപ്പിക്കേണ്ടതില്ല എന്നതും പുതിയ മാറ്റത്തിന്റെ പ്രത്യേകതയാണ്. ഡ്രൈവിങ് ലൈസൻസ്, കണ്ടക്ടർ ലൈസൻസ് ടെസ്റ്റുകൾക്കുള്ള സ്ലോട്ടുകൾ സാരഥി പോർട്ടൽ വഴിയും ഫിറ്റ്നസ് ടെസ്റ്റുകൾക്കുള്ള സ്ലോട്ടുകൾ വാഹൻ പോർട്ടൽ വഴിയുമാണ് ബുക്ക് ചെയ്യേണ്ടത്.
