ശബരിമലയിൽ അരവണ വിതരണത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം തുടരുന്നു. ഇന്നും ഒരാൾക്ക് ഒരു ടിൻ അരവണ വീതം മാത്രമാണ് നൽകുന്നത്. തീർഥാടകരുടെ തിരക്ക് വർധിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസവും വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതോടെ ഭക്തർ പ്രതിഷേധവുമായി രംഗത്തെത്തി.
പ്ലാന്റിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കഴിഞ്ഞ 20 ദിവസമായി അരവണ ഉൽപ്പാദനം നിർത്തിവെച്ചിരിക്കുകയാണ്. മുൻകരുതലായി സംഭരിച്ചിരുന്ന മൂന്ന് ലക്ഷം ടിൻ അരവണയുടെ സ്റ്റോക്ക് പൂർണ്ണമായും തീർന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. കന്നിമാസ പൂജയ്ക്കായി നടതുറന്നപ്പോൾ പ്രതീക്ഷിച്ചതിലും കൂടുതൽ തീർഥാടകർ എത്തിയതാണ് സ്റ്റോക്ക് തീരാൻ കാരണമായി ദേവസ്വം ബോർഡ് ചൂണ്ടിക്കാണിക്കുന്നത്.
എന്നാൽ ഭക്തരുടെ തിരക്ക് മുൻകൂട്ടി കാണുന്നതിൽ ദേവസ്വം ബോർഡിന് ഗുരുതര വീഴ്ച സംഭവിച്ചതായി ആക്ഷേപം ശക്തമാണ്. പ്ലാന്റ് അറ്റകുറ്റപ്പണിയുടെ ഭാഗമായി നിയന്ത്രണം ഉണ്ടാകുമെന്ന് മുൻകൂട്ടി വാർത്താക്കുറിപ്പ് ഇറക്കിയിരുന്നുവെന്ന് ബോർഡ് വ്യക്തമാക്കുന്നു. കോടതി അനുമതിയോടെ പ്രതിദിനം ഒരു ലക്ഷം ടിൻ അരവണ വരെ നിർമ്മിക്കാൻ ശേഷിയുള്ള പ്ലാന്റിന്റെ നവീകരണ പ്രവർത്തനങ്ങളാണ് നിലവിൽ നടക്കുന്നത്.
