Zygo-Ad

സംസ്ഥാനത്ത് അടുത്ത 10 ദിവസത്തേക്ക് വൈദ്യുതി നിയന്ത്രണം തുടർന്നേക്കുമെന്ന് കെ.എസ്.ഇ.ബി; ഇന്നും വൈകീട്ട് നിയന്ത്രണം ഉണ്ടാകും


തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി (KSEB) അറിയിച്ചു. പത്തുദിവസത്തോളം നിയന്ത്രണം തുടരേണ്ടി വരുമെന്നാണ് പ്രാഥമിക സൂചന. ഇന്നും വൈകീട്ട് 6:15 മുതൽ രാത്രി 12:45 വരെയുള്ള സമയങ്ങളിൽ നിയന്ത്രണം ഉണ്ടാകും.

എൽനിനോ പ്രതിഭാസം കാരണം മഴ ലഭ്യത കുറഞ്ഞതും കടുത്ത അന്തരീക്ഷ താപനില തുടരുന്നതുമാണ് പ്രതിസന്ധിക്ക് കാരണം. ഇതിനാൽ സംസ്ഥാനത്തെ പ്രതിദിന ഉപഭോഗത്തിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. മുൻവർഷങ്ങളിലെ സെപ്റ്റംബർ മാസത്തെ ഡിമാൻഡുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 1200 മെഗാവാട്ടിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഉയർന്ന ഉപയോഗം കാരണം ഇന്ന് മാത്രം 700 മുതൽ 900 മെഗാവാട്ട് വരെ വൈദ്യുതിയുടെ ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ട്.

രാജ്യത്തെമ്പാടും വൈദ്യുതി ആവശ്യകത ഉയർന്നതോടെ പവർ എക്സ്ചേഞ്ചുകളിൽ നിന്നും ആവശ്യത്തിന് വൈദ്യുതി ലഭിക്കുന്നില്ല. ദേശീയ തലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ നൽകിയ മുന്നറിയിപ്പ് പ്രകാരമുള്ള 12000 മെഗാവാട്ടിന്റെ ക്ഷാമം പൂർണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. ഇതിനുപുറമെ കാറ്റാടി നിലയങ്ങളിൽ നിന്നുള്ള ഉൽപ്പാദനത്തിൽ 5000 മെഗാവാട്ടിന്റെ കുറവുണ്ടാകുമെന്ന് നാഷണൽ ലോഡ് ഡിസ്പാച്ച് സെന്റർ അറിയിച്ചിട്ടുണ്ട്. കേന്ദ്ര ജനറേറ്റിംഗ് സ്റ്റേഷനുകളിൽ നിന്നുള്ള വിഹിതത്തിലും അപ്രതീക്ഷിത കുറവുണ്ടായതോടെ പ്രതിസന്ധി രൂക്ഷമാകുകയാണ്.



വളരെ പുതിയ വളരെ പഴയ