കൊച്ചി: തിരുവോണം ബമ്പർ ലോട്ടറിയുടെ പേരിൽ നിർമ്മിച്ച വ്യാജ ടിക്കറ്റുകൾ ഉപയോഗിച്ച് വൻ ഓൺലൈൻ തട്ടിപ്പ്. സെപ്റ്റംബർ 26-ന് നറുക്കെടുപ്പ് നടക്കാനിരിക്കുന്ന തിരുവോണം ബമ്പറിന്റെ പേരിലാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി വ്യാജ ടിക്കറ്റുകൾ ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നത്. ഇതര സംസ്ഥാനക്കാരാണ് തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും. 500 രൂപ വിലയുള്ള യഥാർത്ഥ ടിക്കറ്റുകൾക്ക് പകരം 149 രൂപയ്ക്കാണ് ഇത്തരം വ്യാജ ടിക്കറ്റുകൾ നൽകുന്നത്. വ്യാജ ടിക്കറ്റുകളിൽ സമ്മാനത്തുക 30 കോടിക്ക് പകരം 25 കോടി രൂപയായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വിവിധ സോഷ്യൽ മീഡിയ, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയാണ് സംഘം ഈ വ്യാജ പ്രചാരണം നടത്തുന്നത്. ടിക്കറ്റ് വാങ്ങുന്നവരെ ഫോണിൽ വിളിച്ച് വലിയ തുക സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കുകയും, ഈ തുക അക്കൗണ്ടിലേക്ക് ലഭിക്കുന്നതിന് രജിസ്ട്രേഷൻ ഫീസ് അടയ്ക്കണമെന്ന് ആവശ്യപ്പെടുകയുമാണ് ഇവരുടെ രീതി. പണം കൈമാറിയ ശേഷമാണ് തങ്ങൾ തട്ടിപ്പിനിരയായ വിവരം പലരും തിരിച്ചറിയുന്നത്. കേരള ലോട്ടറിയുടെ മറവിൽ തമിഴ്നാട്ടിലടക്കം വലിയ രീതിയിൽ തട്ടിപ്പ് നടക്കുന്നതായി വിവരമുണ്ട്. ഓൺലൈൻ ലോട്ടറി തട്ടിപ്പിനെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ലോട്ടറി പ്രേമികൾ ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
