തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിൽ നടപ്പിലാക്കിയിരുന്ന സബ്ജക്ട് മിനിമം മാർക്ക് സമ്പ്രദായം ഒഴിവാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവിറക്കി. നടപ്പു അധ്യയന വർഷം മുതൽ തന്നെ ഈ തീരുമാനം പ്രാബല്യത്തിൽ വരും.
വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഓരോ വിഷയത്തിലും കുറഞ്ഞത് 30 ശതമാനം മാർക്ക് നിർബന്ധമാക്കിക്കൊണ്ടാണ് മുൻപ് പൊതുവിദ്യാഭ്യാസ വകുപ്പ് സബ്ജക്ട് മിനിമം സമ്പ്രദായം നടപ്പിലാക്കിയിരുന്നത്. ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞ മാർക്ക് ലഭിക്കുന്ന കുട്ടികൾക്ക് രണ്ടാഴ്ചയ്ക്കകം വീണ്ടും പരീക്ഷയെഴുതി മാർക്ക് മെച്ചപ്പെടുത്താനുള്ള അവസരവും ഇതിൽ വ്യവസ്ഥ ചെയ്തിരുന്നു. ഈ വ്യവസ്ഥ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടാണ് സർക്കാരിന്റെ പുതിയ ഉത്തരവ്.
