ന്യൂഡൽഹി: ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള ഇ-ചലാന്റെ (e-Challan) പിഴത്തുക അടയ്ക്കാത്തവരിൽ നിന്ന് കുടിശ്ശിക ഈടാക്കാൻ വിപ്ലവാത്മക നിർദ്ദേശങ്ങളുമായി സുപ്രീം കോടതി. കുടിശ്ശികയുള്ള ട്രാഫിക് പിഴത്തുക തടസ്സമില്ലാതെ ഈടാക്കാൻ ഉടമകളുടെ വൈദ്യുതി ബില്ലിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചാണ് കോടതി ആലോചിക്കാൻ നിർദ്ദേശിച്ചത്. ജസ്റ്റിസ് ജെ. ബി. പർദിവാല, ജസ്റ്റിസ് കെ. വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെ നിർണായക നിർദ്ദേശം മുന്നോട്ടുവെച്ചത്.
കേവലം ഇ-ചലാനുകൾ അയക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ പോരെന്നും, പിഴത്തുക പിരിച്ചെടുക്കുന്നതിലാണ് പ്രാഥമികമായി ഊന്നൽ നൽകേണ്ടതെന്നും കോടതി വ്യക്തമാക്കി. "ആളുകൾ ട്രാഫിക് ചലാൻ തുക അടയ്ക്കുന്നില്ലെങ്കിൽ അത് അവരുടെ വൈദ്യുതി ബില്ലിലേക്ക് ചേർക്കുക. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുമെന്ന ഭയത്താൽ ആളുകൾ തുക അടയ്ക്കാൻ നിർബന്ധിതരാകും. ഈ രാജ്യത്ത് അതിനുള്ള വഴികൾ കണ്ടെത്തേണ്ടതുണ്ട്," എന്ന് ബെഞ്ച് നീരീക്ഷിച്ചു.
രാജ്യത്തുടനീളം ആയിരക്കണക്കിന് കോടി രൂപയുടെ ഇ-ചലാൻ കുടിശ്ശിക കിടക്കുന്ന പശ്ചാത്തലത്തിലാണ് സുപ്രീം കോടതി ഈ നിർദ്ദേശം വെച്ചത്. വൈദ്യുതി ബില്ലിന് പുറമെ, കുടിശ്ശികയുള്ള വാഹനങ്ങൾക്ക് ഫിറ്റ്നസ്/പി.യു.സി (PUC) സർട്ടിഫിക്കറ്റുകൾ നിഷേധിക്കുക, പരിവാഹൻ പോർട്ടലിൽ വാഹനങ്ങളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുക, ഉടമസ്ഥാവകാശ കൈമാറ്റം തടയുക, ലൈസൻസ് പുതുക്കുന്നത് തടയുക തുടങ്ങിയ കർശന നടപടികളും പരിഗണിക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
