Zygo-Ad

സംസ്ഥാന തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം: വിവിധ വാർഡുകളിൽ അട്ടിമറി ജയം; യു.ഡി.എഫും എൽ.ഡി.എഫും സീറ്റുകൾ പിടിച്ചെടുത്തു


തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 38 വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പ്രമുഖ മുന്നണികൾക്ക് വിവിധയിടങ്ങളിൽ അട്ടിമറി ജയം. ഭരണമാറ്റത്തിന് ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പായതിനാൽ ഏറെ നിർണായകമായ പോരാട്ടമാണ് വാർഡുകളിൽ നടന്നത്.

ചേലക്കരയിലെ എൽ.ഡി.എഫ്. കോട്ടയായ കുറുമല വാർഡ് യു.ഡി.എഫ്. അട്ടിമറി ജയത്തോടെ പിടിച്ചെടുത്തു. അതേസമയം, മംഗലപുരം ഗ്രാമപഞ്ചായത്തിലെ മുണ്ടയ്ക്കൽ വാർഡ് യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫ്. പിടിച്ചെടുത്തു; 139 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫ്. സ്ഥാനാർത്ഥിയുടെ വിജയം.

മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന നാല് വാർഡുകളിൽ രണ്ടെണ്ണം വീതം എൽ.ഡി.എഫും യു.ഡി.എഫും നിലനിർത്തി. മങ്കടയിൽ മുസ്ലീം ലീഗ് – വെൽഫെയർ സഖ്യത്തെ മറികടന്നാണ് എൽ.ഡി.എഫ്. വിജയം നേടിയത്. പാലക്കാട് ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ 13-ാം വാർഡ് 48 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി പി. ഗിരീശൻ പിടിച്ചെടുത്തു. എന്നാൽ പട്ടഞ്ചേരി പഞ്ചായത്തിൽ 18 വോട്ടുകൾക്ക് എൽ.ഡി.എഫ്. സ്ഥാനാർത്ഥി ബിന്ദു കുമാരി വിജയിച്ചു.

തിരുവല്ല കുറ്റൂർ വാർഡ് എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫ്. സ്ഥാനാർത്ഥി രബീഷ് മോൻ പിടിച്ചെടുത്തു. ഇവിടെ എൽ.ഡി.എഫ്. മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. കൊച്ചി കോർപ്പറേഷനിലെ അയ്യപ്പൻകാവ് വാർഡ് അജിത്ത് കുമാറിലൂടെ യു.ഡി.എഫ്. തിരിച്ചുപിടിച്ചു.

ചാലക്കുടി മുനിസിപ്പാലിറ്റി 24-ാം വാർഡിൽ കോൺഗ്രസിന്റെ വി. ഒ. പൈലപ്പൻ 345 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സീറ്റ് നിലനിർത്തി. കോലഞ്ചേരി ഈസ്റ്റ് വാർഡിൽ ട്വന്റി-20 സ്ഥാനാർത്ഥി ദീനമ്മ ജേക്കബ് വിജയിച്ച് സീറ്റ് നിലനിർത്തി.



വളരെ പുതിയ വളരെ പഴയ