Zygo-Ad

സംസ്ഥാനത്ത് സ്മാർട്ട് പി.ഡി.എസ് പദ്ധതി; ആറു മാസമായി റേഷൻ കൈപ്പറ്റാത്ത കാർഡുകൾ ഡീആക്ടിവേറ്റ് ചെയ്യും


തിരുവനന്തപുരം: സംസ്ഥാനത്ത് സ്മാർട്ട് പി.ഡി.എസ് (Smart PDS) പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി തുടർർച്ചയായി ആറുമാസമായി റേഷൻ വിഹിതം കൈപ്പറ്റാത്ത കാർഡുകൾ 'സൈലന്റ് റേഷൻ കാർഡുകൾ' ആയി കണ്ടെത്തി ഡീആക്ടിവേറ്റ് ചെയ്യാൻ സിവിൽ സപ്ലൈസ് വകുപ്പ് തീരുമാനിച്ചു. എല്ലാ മാസവും 21-ാം തീയതി ഇത്തരത്തിലുള്ള കാർഡുകൾ പരിശോധിച്ച് കണ്ടെത്തി തൊട്ടടുത്ത മാസത്തെ ഒന്നാം തീയതി മുതൽ റേഷൻ വിഹിതം ലഭിക്കാത്ത വിധത്തിലാണ് ഡീആക്ടിവേറ്റ് ചെയ്യുക.

ഇങ്ങനെ ഡീആക്ടിവേറ്റ് ചെയ്യപ്പെടുന്ന കാർഡുകളിലെ മുഴുവൻ ഗുണഭോക്താക്കളും മൂന്ന് മാസത്തിനകം ഇ-കെ.വൈ.സി (eKYC) പരിശോധന പൂർത്തിയാക്കിയാൽ മാത്രമേ കാർഡുകൾ വീണ്ടും ആക്ടിവേറ്റ് ചെയ്തു നൽകുകയുള്ളൂ. നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ ഇ-കെ.വൈ.സി പൂർത്തിയാക്കാത്ത കാർഡുകൾ പൂർണ്ണമായും അസാധുവാക്കി പൊതുവിതരണ ഡാറ്റാബേസിൽ നിന്ന് നീക്കം ചെയ്യും.

കൂടാതെ ആധാർ അധിഷ്ഠിത പരിശോധനയിൽ ഒന്നിലധികം റേഷൻ കാർഡുകളിൽ ഉൾപ്പെട്ടിട്ടുള്ളതായി കണ്ടെത്തുന്ന ഗുണഭോക്താക്കളുടെ കാർഡുകളും ഡീആക്ടിവേറ്റ് ചെയ്യും. ഇവർ മൂന്ന് മാസത്തിനകം ഇ-കെ.വൈ.സി പൂർത്തിയാക്കുകയും ആവശ്യമായ ഒരു കാർഡ് തിരഞ്ഞെടുത്ത് മറ്റുള്ളവയിൽ നിന്ന് പേര് ഒഴിവാക്കുകയും വേണം. കൃത്യമായ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇവർക്ക് തുടർന്ന് റേഷൻ അനുവദിക്കൂ. സമയപരിധിക്കുള്ളിൽ നടപടികൾ പൂർത്തിയാക്കാത്തവരുടെ വിവരങ്ങൾ ഡാറ്റാബേസിൽ നിന്ന് നീക്കം ചെയ്യുമെന്നും ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ വ്യക്തമാക്കി.



വളരെ പുതിയ വളരെ പഴയ