Zygo-Ad

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു: ആറ് മരണം; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്


തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

കഴിഞ്ഞദിവസം പെയ്ത കനത്ത മഴയിൽ വിവിധ ജില്ലകളിലായി വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മലപ്പുറം, ഇടുക്കി, കോട്ടയം ജില്ലകളിലായി ആറ് പേർ മരണപ്പെട്ടു.

മലപ്പുറം പൂക്കോട്ടുംപാടം കോട്ടപ്പുഴയിൽ ഇന്നലെയുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട ആറ് പേരിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കോട്ടക്കൽ എടരിക്കോട് സ്വദേശി അനസ് മാങ്ങാടൻ, തിരൂർ സ്വദേശി മുഹമ്മദ്‌ കുട്ടി എന്നിവരാണ് മരിച്ചത്. കാണാതായ മറ്റ് നാല് പേർക്കായി പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ഇന്ന് തിരച്ചിൽ തുടരും.

ഇടുക്കി വട്ടവട കൊട്ടാക്കമ്പൂരിൽ മണ്ണിടിച്ചിലിൽ മരിച്ച ബാലകൃഷ്ണൻ, ചിന്നു എന്നിവരുടെ സംസ്‌കാരം ഇന്ന് നടക്കും. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മാരിയമ്മ ചികിത്സയിൽ തുടരുകയാണ്. ഇടുക്കി അടിമാലിയിൽ ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് അഞ്ച് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ പലയിടത്തും മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടു. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴയെ തുടർന്ന് രണ്ടിടങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായി.



വളരെ പുതിയ വളരെ പഴയ