Zygo-Ad

മഴ കനത്തു; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം


തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയെത്തുടർന്ന് വൈദ്യുതി ഉപഭോഗം കുറഞ്ഞതോടെ വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം. മഴ ശക്തമായതോടെ താപനില കുറയുകയും പ്രതിദിന ഉപഭോഗത്തിൽ കാര്യമായ കുറവ് രേഖപ്പെടുത്തുകയും ചെയ്തതാണ് സ്ഥിതിഗതികൾ മെച്ചപ്പെടുത്തിയത്.

ഈ മാസം ഇതുവരെയുള്ളതിൽ ഏറ്റവും കുറഞ്ഞ വൈദ്യുതി ഉപഭോഗമാണ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്. ഇന്നലത്തെ പരമാവധി കൂടിയ ഉപഭോഗം 4560 മെഗാവാട്ടായിരുന്നു. കഴിഞ്ഞ 20 ദിവസത്തിനിടയിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടാത്ത നാലാമത്തെ ദിവസമായിരുന്നു ഇന്നലെയെന്ന് കെ.എസ്.ഇ.ബി (KSEB) വ്യക്തമാക്കി.

അതേസമയം, പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിനായി ഇതര സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കങ്ങൾ സർക്കാർ ഊർജ്ജിതമാക്കിയിട്ടുണ്ട്. എങ്കിലും ഉയർന്ന വില നൽകി പവർ എക്സ്ചേഞ്ചുകളിൽ നിന്ന് വൈദ്യുതി വാങ്ങേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ. മറ്റ് സംസ്ഥാനങ്ങളിലേക്ക് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ നേരിട്ടെത്തി ചർച്ചകൾ നടത്തിയെങ്കിലും തൃപ്തികരമായ കരാറുകളിൽ എത്തുവാൻ സാധിച്ചിട്ടില്ല.

രാജ്യത്തുടനീളം വൈദ്യുതി ആവശ്യകത ഉയർന്നതിനാൽ പവർ എക്സ്ചേഞ്ചുകൾ വഴി ലഭിക്കുന്ന വിഹിതത്തിൽ വലിയ കുറവുണ്ട്. കൂടാതെ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ച 12000 മെഗാവാട്ടിന്റെ ദേശീയതലത്തിലെ ലഭ്യതക്കുറവും ആണവ-താപ നിലയങ്ങളിൽ നിന്നുള്ള വിഹിതത്തിലെ അനിശ്ചിതത്വവും വെല്ലുവിളിയായി തുടരുകയാണ്.



വളരെ പുതിയ വളരെ പഴയ