തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിന്റെ എ.ഐ. ക്യാമറകൾ നിയമലംഘനങ്ങൾ പകർത്തുന്നുണ്ടെങ്കിലും സാങ്കേതിക കുടിശ്ശികയെ തുടർന്ന് കൺട്രോൾ റൂമുകളിലേക്കുള്ള വിവരങ്ങളുടെ ഒഴുക്ക് തടസ്സപ്പെട്ടു. നടത്തിപ്പ് ചുമതലയുള്ള കെൽട്രോണിന് നൽകാനുള്ള 60 കോടി രൂപയുടെ കുടിശ്ശിക തീർപ്പാക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. സെൻട്രൽ സെർവറിലെ ഫയർവാൾ സേവനം ബന്ധപ്പെട്ട കമ്പനി വിച്ഛേദിച്ചതോടെ ഇ-ചെലാൻ തയ്യാറാക്കുന്നതും അച്ചടിക്കുന്നതും പൂർണമായി നിലച്ചു. പദ്ധതി ആരംഭിച്ച ശേഷം 327 കോടി രൂപ പിഴയായി പിരിച്ചെടുത്തിട്ടും സാങ്കേതിക സേവനങ്ങളുടെ കുടിശ്ശിക തീർക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല.
എന്നാൽ റോഡുകളിലെ 726 എ.ഐ. ക്യാമറകളും ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നും വിവരങ്ങൾ ലോക്കൽ സ്റ്റോറേജിൽ സൂക്ഷിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് സംവിധാനം പുനഃസ്ഥാപിക്കുന്നതോടെ ഈ കാലയളവിലെ നിയമലംഘനങ്ങൾക്കുള്ള പിഴ നോട്ടീസുകൾ വാഹന ഉടമകൾക്ക് കൂട്ടത്തോടെ ലഭിക്കും. 2023 ജൂണിൽ ആരംഭിച്ച പദ്ധതി വഴി ഇതുവരെ 922.04 കോടി രൂപയുടെ പിഴയാണ് ചുമത്തിയിട്ടുള്ളത്.
