കോട്ടയം: ഫോൺ ഡിസ്‌പ്ലേയിൽ ഗ്രീൻ ലൈൻ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് ഉപഭോക്തൃ കമ്മീഷനെ സമീപിച്ച് അനുകൂല വിധി നേടി കോട്ടയം സ്വദേശി. ചങ്ങനാശേരി പ്രേമചന്ദ്രൻ ശിവരാമനാണ് ഫോൺ നിർമാതാക്കളായ സാംസങ്ങിനെതിരെ നിയമപോരാട്ടം നടത്തി സൗജന്യ സർവീസും കോടതിച്ചെലവും നേടിയെടുത്തത്.
2022 മേയിലാണ് ഇദ്ദേഹം 56,000 രൂപയ്ക്ക് സാംസങ് ഗാലക്‌സി എസ് 21 എഫ്‌ഇ മോഡൽ ഫോൺ വാങ്ങിയത്. 2024 ഫെബ്രുവരിയിൽ ഡിസ്‌പ്ലേയിൽ ഗ്രീൻ ലൈനുകൾ തെളിഞ്ഞപ്പോൾ കമ്പനി സൗജന്യമായി ഡിസ്‌പ്ലേ മാറ്റിനൽകിയിരുന്നു. എന്നാൽ 2025 സെപ്റ്റംബറിൽ വീണ്ടും ഗ്രീൻ ലൈൻ പ്രത്യക്ഷപ്പെട്ടപ്പോൾ സൗജന്യമായി മാറ്റിനൽകാൻ കമ്പനി തയ്യാറായില്ല. തുടർന്ന് സർവീസ് സെന്റർ ഡിസ്‌പ്ലേ മാറ്റാൻ 9,500 രൂപ ആവശ്യപ്പെടുകയായിരുന്നു.
ഇതേത്തുടർന്നാണ് പ്രേമചന്ദ്രൻ കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ കേസ് ഫയൽ ചെയ്തത്. ഫോണിന്റെ ഡിസ്പ്ലേ സൗജന്യമായി മാറ്റിനൽകാനും കോടതിച്ചെലവായി 3,000 രൂപ നഷ്ടപരിഹാരം നൽകാനും കമ്മീഷൻ വിധിച്ചു. വിധി നടപ്പിലാക്കിക്കൊണ്ട് സാംസങ് സർവീസ് സെന്റർ ഡിസ്പ്ലേ സൗജന്യമായി മാറ്റിനൽകുകയും, കമ്പനി 3,000 രൂപയുടെ ചെക്ക് കൈമാറുകയും ചെയ്തു.
ഉൽപന്നത്തിന് നിർമ്മാണ തകരാർ ഉണ്ടെങ്കിൽ വാറന്റി കഴിഞ്ഞാലും ഉപഭോക്തൃ അവകാശ നിയമങ്ങൾ വഴി നീതി നേടിയെടുക്കാൻ സാധിക്കുമെന്ന് ഈ വിജയം തെളിയിക്കുന്നു.
