ഓണം ബമ്പർ ഉൾപ്പെടെ പലതവണ ലോട്ടറി എടുത്തിട്ടും സമ്മാനം ലഭിക്കാത്തതിലുള്ള പ്രകോപനത്താൽ ലോട്ടറി കടയുടമയ്ക്ക് നേരെ അതിക്രമം. കേരള തമിഴ്നാട് അതിർത്തിയായ നമ്പ്യാർകുന്നിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. പൂങ്കാവനം എന്ന ലോട്ടറി കടയുടെ ഉടമയായ വിനീത രാജേഷിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.
തമിഴ്നാട് പാട്ടവയൽ പനഞ്ചിറ സ്വദേശിയായ ശിവകുമാർ എന്നയാളാണ് ആക്രമണം നടത്തിയത്. വിനീതയുടെ മുഖത്ത് മുളകുപൊടി വിതറിയ ശേഷം ഇയാൾ കത്തികൊണ്ട് കുത്തുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ വിനീതയെ മേപ്പാടി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിയായ ശിവകുമാറിനെ നൂൽപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.
