തിരുവനന്തപുരം: ഫ്ലിപ്കാർട്ട്, ആമസോൺ, മീഷോ തുടങ്ങിയ പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമുകളുടെ വിശേഷാൽ ഓഫർ സെയിലുകളുടെ മറവിൽ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്. ബിഗ് ബില്ല്യൺ ഡേയ്‌സ്, ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ, മെഗാ ബ്ലോക്ബസ്റ്റർ സെയിൽ തുടങ്ങിയ ഓഫർ ദിനങ്ങൾ ആരംഭിക്കുന്ന സാഹചര്യം മുതലെടുത്താണ് തട്ടിപ്പുകാർ രംഗത്തിറങ്ങിയിരിക്കുന്നത്.
യഥാർത്ഥ ഇ-കോമേഴ്സ് സൈറ്റുകൾക്ക് സമാനമായ വ്യാജ വെബ്‌സൈറ്റുകൾ, ആപ്പുകൾ, ലിങ്കുകൾ എന്നിവ നിർമ്മിച്ച് സോഷ്യൽ മീഡിയ, വാട്സ്ആപ്പ്, എസ്.എം.എസ് എന്നിവ വഴി വ്യാജ പരസ്യങ്ങൾ പ്രചരിപ്പിച്ചാണ് ഉപഭോക്താക്കളെ കബളിപ്പിക്കുന്നത്.
പോലീസ് നൽകുന്ന പ്രധാന ജാഗ്രതാ നിർദ്ദേശങ്ങൾ:
* വൻ വിലക്കുറവ് വാഗ്ദാനം ചെയ്ത് വാട്സ്ആപ്പ്, സോഷ്യൽ മീഡിയ എന്നിവ വഴി ലഭിക്കുന്ന സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് സാധനങ്ങൾ ഓർഡർ ചെയ്യരുത്.
* വെബ്‌സൈറ്റുകളുടെ യു.ആർ.എൽ (URL) കൃത്യമായി പരിശോധിച്ച് ആധികാരികത ഉറപ്പുവരുത്തുക.
* ലിങ്കുകൾ ഉപയോഗിക്കാതെ ഔദ്യോഗിക ആപ്പുകളോ വെബ്‌സൈറ്റുകളോ മാത്രം നേരിട്ട് തുറന്ന് ഇടപാടുകൾ നടത്തുക.
* അപരിചിതമായ ലിങ്കുകൾ വഴി പണം കൈമാറ്റം ചെയ്യരുത്.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയായാൽ ഉടൻ തന്നെ 1930 എന്ന ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന സൈറ്റിലോ വിവരം അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.
