ന്യൂഡൽഹി: പുതിയ ഗാർഹിക പാചകവാതക ഉപഭോക്താക്കൾക്ക് ഇനി മുതൽ 14.2 കിലോഗ്രാം സിലിണ്ടറുകൾക്ക് പകരം 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടറുകൾ മാത്രം നൽകാൻ തീരുമാനം. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര തലത്തിൽ ഇന്ധനമേഖലയിലുണ്ടായ പ്രതിസന്ധികളെ തുടർന്ന് കേന്ദ്ര സർക്കാർ വരുത്തിയ പരിഷ്കരണങ്ങളുടെ ഭാഗമായാണ് ഈ നടപടി.
സുതാര്യവും ഭാരം കുറഞ്ഞതുമായ കോംപസിറ്റ് സിലിണ്ടറുകളിലേക്ക് ഉപഭോക്താക്കളെ മാറ്റുന്നതിന്റെ ഭാഗമായി കൂടിയാണ് പുതിയ തീരുമാനം നടപ്പിലാക്കുന്നത്. നിലവിലുള്ള ഉപഭോക്താക്കൾക്ക് 14.2 കിലോ സിലിണ്ടറുകൾ തുടർന്നും ലഭ്യമാകുമെങ്കിലും, പുതിയ കണക്ഷൻ എടുക്കുന്നവർക്ക് 10 കിലോ സിലിണ്ടറുകൾ മാത്രമേ ലഭിക്കുകയുള്ളൂ.
ചെറുതും കൈകാര്യം ചെയ്യാൻ എളുപ്പമുള്ളതുമായ കോംപസിറ്റ് സിലിണ്ടറുകളിൽ ഗ്യാസിന്റെ അളവ് പുറത്തുനിന്ന് തന്നെ കാണാൻ സാധിക്കും എന്ന പ്രത്യേകതയുമുണ്ട്. എണ്ണക്കമ്പനികൾ വിതരണക്കാർക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്.
