ന്യൂഡൽഹി: റിസർവ് ബാങ്ക് നിർദേശിച്ച മർച്ചന്റ് റീ കെവൈസി പൂർത്തിയാക്കാനുള്ള അവസാന തീയതിയായ സെപ്റ്റംബർ 15 അടുത്തതോടെ രാജ്യത്തെ ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികൾ ആശങ്കയിൽ. സമയബന്ധിതമായി റീ കെവൈസി നടപടികൾ പൂർത്തിയാക്കാത്ത വ്യാപാരികളുടെ ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
യുപിഐ ഇടപാടുകൾക്കായി ക്യൂആർ കോഡുകൾ മാത്രം ഉപയോഗിക്കുന്ന ചെറുകിട ഓഫ്‌ലൈൻ വ്യാപാരികളിൽ 30 മുതൽ 35 ശതമാനം വരെ ആളുകൾക്ക് നിശ്ചിത സമയത്തിനുള്ളിൽ പ്രക്രിയ പൂർത്തിയാക്കാൻ സാധിച്ചേക്കില്ലെന്നാണ് വിലയിരുത്തൽ. കൂടാതെ ഓൺലൈൻ രംഗത്ത് പ്രവർത്തിക്കുന്ന പത്ത് ലക്ഷത്തോളം ചെറുകിട ബിസിനസ് സ്ഥാപനങ്ങൾക്കും രേഖകൾ സമയത്ത് സമർപ്പിക്കാൻ സാധിക്കാത്ത സാഹചര്യം നിലനിൽക്കുന്നുണ്ട്. ഓൺലൈൻ, ഓഫ്‌ലൈൻ, അതിർത്തി കടന്നുള്ള സേവനങ്ങൾ നൽകുന്ന വ്യാപാരികൾ ഉൾപ്പെടെ എല്ലാവർക്കും ഈ നിയമം ബാധകമാണ്.
2025 സെപ്റ്റംബറിലാണ് ആർബിഐ പേയ്‌മെന്റ് അഗ്രിഗേറ്ററുകൾക്കായി പുതുക്കിയ മാസ്റ്റർ ഡയറക്ഷനുകൾ പുറത്തിറക്കിയത്. ഇതനുസരിച്ച് നിലവിലുള്ള മുഴുവൻ വ്യാപാരികളുടെയും റീ കെവൈസി 2026 സെപ്റ്റംബർ 15-നകം പൂർത്തിയാക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഇവരുടെ പണമിടപാടുകൾ നിർത്തിവെക്കാൻ കേന്ദ്രബാങ്ക് നിർദേശിച്ചിട്ടുണ്ട്. 2026 ജനുവരി 1 മുതൽ പുതിയ വ്യാപാരികൾക്ക് പണം സ്വീകരിക്കുന്നതിന് മുൻപ് കെവൈസി നിർബന്ധമാക്കിയിരുന്നു.
സെപ്റ്റംബർ 15 മുതൽ രാജ്യത്തെ യുപിഐ സേവനം നിർത്തലാക്കുമെന്ന രീതിയിലുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും കെവൈസി പൂർത്തിയാക്കാത്ത വ്യാപാരികൾക്ക് പണം സ്വീകരിക്കുന്നതിലാണ് തടസ്സം നേരിടുകയെന്നും അധികൃതർ വ്യക്തമാക്കുന്നു. പേയ്‌മെന്റ് അഗ്രിഗേറ്റർമാർ പരിശോധനാ നടപടികൾ വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ്. സൗണ്ട്ബോക്സ് ഉപയോഗിക്കുന്ന 85 മുതൽ 90 ശതമാനം വരെ വ്യാപാരികൾ കെവൈസി പൂർത്തിയാക്കാൻ സാധ്യതയുണ്ടെങ്കിലും, സാധാരണ ക്യൂആർ കോഡ് മാത്രം ആശ്രയിക്കുന്ന തട്ടുകടക്കാർ ഉൾപ്പെടെയുള്ള ചെറുകിട വ്യാപാരികളിലാണ് ആശങ്ക ശക്തമാകുന്നത്.
