തിരുവനന്തപുരം: അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന അമൃതം ന്യൂട്രിമിക്‌സിൽ (അമൃതം പൊടി) നിന്ന് പഞ്ചസാര പൂർണമായും ഒഴിവാക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ നിർദ്ദേശിച്ചു. കുട്ടികളുടെ ആഹാരത്തിൽ പഞ്ചസാര ചേർക്കുന്നത് ചെറിയ പ്രായത്തിൽ തന്നെ ജീവിതശൈലി രോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.
പഞ്ചസാരയ്ക്ക് പകരം കുറഞ്ഞ അളവിൽ ശർക്കര ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറോട് കമ്മീഷൻ ആവശ്യപ്പെട്ടു. ശാസ്ത്രീയ അടിസ്ഥാനത്തിൽ ഉൽപ്പന്നത്തിന്റെ പോഷക ഘടന നിശ്ചയിക്കുന്നതിന് ഉന്നതതല സമിതി രൂപീകരിക്കണമെന്നും കുട്ടികളുടെ പ്രായത്തിനനുസരിച്ച് നൽകേണ്ട അളവ് സംബന്ധിച്ച വിവരങ്ങൾ പാക്കറ്റിന് മുകളിൽ രേഖപ്പെടുത്തണമെന്നും കമ്മീഷൻ അംഗം പി. ഷാജേഷ് ഭാസ്കർ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി.
അമൃതം പൊടിയിൽ 20 ശതമാനത്തോളം പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നും ഇത് ലോകാരോഗ്യ സംഘടനയുടെ (WHO) മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും കാണിച്ച് പാലക്കാട് പട്ടിത്തറ സ്വദേശി കെ. സഹ്‌ല നൽകിയ പരാതിയിലാണ് ബാലാവകാശ കമ്മീഷന്റെ നടപടി.
