Zygo-Ad

പ്രിയദർശിനി പദ്ധതി ഉണ്ടാക്കിയ പ്രതിസന്ധി: സ്വകാര്യ ബസ് ഉടമകളുടെ സമര പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും


കണ്ണൂർ: കെ.എസ്.ആർ.ടി.സി നടപ്പിലാക്കിയ പ്രിയദർശിനി പദ്ധതി സൃഷ്ടിച്ച പ്രതിസന്ധിയെത്തുടർന്ന് സ്വകാര്യ ബസ് ഉടമകൾ പണിമുടക്ക് ഉൾപ്പെടെയുള്ള സമര പ്രഖ്യാപനത്തിലേക്ക് കടന്നേക്കും. വിഷയത്തിൽ തീരുമാനമെടുക്കുന്നതിനായി ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷന്റെ നിർണായക സംസ്ഥാന സമിതി യോഗം ഇന്ന് പാലക്കാട് ചേരും.

അനുരഞ്ജന ശ്രമങ്ങളുടെ ഭാഗമായി സർക്കാർ ചർച്ചയ്ക്ക് വിളിച്ചാൽ പങ്കെടുക്കുന്ന കാര്യവും യോഗത്തിൽ തീരുമാനിക്കും. മിനിമം ടിക്കറ്റ് നിരക്ക് 15 രൂപയാക്കി വർദ്ധിപ്പിക്കുക എന്നതാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. ഇതിനുപുറമെ വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കുക, ഡീസൽ സബ്സിഡി അനുവദിക്കുക എന്നീ ആവശ്യങ്ങളിൽ അനുകൂല നിലപാട് സ്വീകരിക്കണമെന്നും സംഘടനാ ഭാരവാഹികൾ ആവശ്യപ്പെടുന്നു.

യു.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയ്ക്കുണ്ടായ നഷ്ടം പഠിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് ബസ് വ്യവസായത്തെ നിലനിർത്താൻ പര്യാപ്തമല്ലെന്ന് ഉടമകൾ ആരോപിച്ചു. ഒരേ റൂട്ടിൽ സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയും സർവീസ് നടത്തുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ടെന്ന് വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റൂട്ടും സമയവും പുതുക്കി നിശ്ചയിക്കണമെന്നാണ് സമിതിയുടെ പ്രധാന ശുപാർശ.



വളരെ പുതിയ വളരെ പഴയ