ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് പാചകവാതക (LPG) സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിന് ഏർപ്പെടുത്തിയിരുന്ന സമയപരിധി നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാർ നിർണ്ണായക ഇളവ് വരുത്തി. നിലവിൽ ഗ്രാമീണ മേഖലകളിൽ 45 ദിവസവും നഗരമേഖലകളിൽ 25 ദിവസവുമായിരുന്ന റീഫിൽ ബുക്കിംഗ് ഇടവേളയാണ് ഏകീകരിച്ചത്.
പുതിയ ഉത്തരവ് പ്രകാരം ഇനി മുതൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും 25 ദിവസത്തെ ഇടവേളയിൽ സിലിണ്ടറുകൾ ബുക്ക് ചെയ്യാം. ഇന്ന്തിങ്കളാഴ്ച (സെപ്റ്റംബർ 7) മുതൽ തന്നെ പുതിയ തീരുമാനം പ്രാബല്യത്തിൽ വന്നു. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ എണ്ണക്കമ്പനികൾക്ക് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഇതുസംബന്ധിച്ച നിർദേശം നൽകിയതായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് മാർച്ച് മാസം മുതലാണ് രാജ്യത്ത് സിലിണ്ടർ ബുക്കിംഗിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. സിലിണ്ടറുകൾ പൂഴ്ത്തിവെക്കുന്നത് തടയാനും വിതരണം സുതാര്യമാക്കാനുമായിരുന്നു നടപടി. നിലവിൽ രാജ്യത്തെ എൽ.പി.ജി. വിതരണ സാഹചര്യം മെച്ചപ്പെടുകയും റീഫിൽ ബാക്ക്‌ലോഗ് ഗണ്യമായി കുറയുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ ആശ്വാസ തീരുമാനം.
