തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധി വേഗത്തിൽ പരിഹരിക്കാനുള്ള തീവ്രശ്രമങ്ങൾ നടന്നു വരികയാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. മുൻകൂട്ടിയുള്ള വൈദ്യുതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നാൽ ഉപഭോക്താക്കൾക്ക് ഇന്ന് മുതൽ കൃത്യമായ മുന്നറിയിപ്പ് നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ നിയന്ത്രണങ്ങൾ ക്രമീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. കേന്ദ്ര വിഹിതവും അധിക വൈദ്യുതിയും പുറത്തുനിന്ന് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
അതേസമയം, മുൻ സർക്കാരിന്റെ ഏകോപനമില്ലായ്മ കാരണം ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദായതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഈ വീഴ്ച പരിഹരിച്ച് സംസ്ഥാനത്ത് വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.