തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ താൽക്കാലിക അധ്യാപക നിയമനങ്ങൾക്കും മറ്റു താൽക്കാലിക തസ്തികകളിലേക്കുള്ള നിയമനങ്ങൾക്കും ഇനിമുതൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. താൽക്കാലിക അധ്യാപകരെ നിയമിക്കുന്നതിനായി സ്കൂളുകൾ നൽകുന്ന പരസ്യങ്ങളിലും അറിയിപ്പുകളിലും 'പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്' എന്ന് പ്രത്യേകം രേഖപ്പെടുത്തണമെന്ന് നിർദ്ദേശമുണ്ട്.
വടകരയിൽ താൽക്കാലിക അധ്യാപകർ ലഹരിമരുന്ന് (MDMA) കേസിൽ പിടിയിലായ പശ്ചാത്തലത്തിലാണ് നേരത്തെയുണ്ടായിരുന്ന ഉത്തരവ് കൂടുതൽ കർശനമായി നടപ്പിലാക്കാൻ അധികൃതർ തീരുമാനിച്ചത്.
ഇതിനുപുറമെ, സ്കൂളുകളിലും വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഓഫീസുകളിലും സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് ഇനി മുതൽ സ്ഥിരം ജീവനക്കാരെ മാത്രമേ ചുമതലപ്പെടുത്താവൂ എന്നും നിർദ്ദേശമുണ്ട്. ബാങ്ക് അക്കൗണ്ടുകൾ പ്രതിമാസം പരിശോധിച്ച് കൃത്യത ഉറപ്പാക്കാനും, സ്ഥാപനമേധാവിയുടെ ഔദ്യോഗിക മൊബൈൽ നമ്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാനും ഉത്തരവിൽ വ്യക്തമാക്കുന്നു.
