കേരളം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നീക്കങ്ങൾക്കെതിരെ അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സാമ്പത്തിക തട്ടിപ്പ് ആരോപണം ഉന്നയിച്ച് സി.പി.ഐ.എമ്മിനെ തകർക്കുക എന്ന രാഷ്ട്രീയ ലക്ഷ്യമാണ് ഇ.ഡിക്കുള്ളതെന്നും കോടതികളിൽ മുൻപ് തള്ളപ്പെട്ട ആരോപണങ്ങൾക്ക് പുതിയ വ്യാഖ്യാനം നൽകാനാണ് ഏജൻസി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കേസിൽ വീണ വിജയൻ കള്ളപ്പണം വാങ്ങിയതായി സമ്മതിച്ചുവെന്ന പ്രചാരണം പച്ചക്കള്ളവും അസംബന്ധവുമാണ്. സി.എം.ആർ.എൽ (CMRL) കമ്പനിക്ക് ഏത് തരത്തിലുള്ള വഴിവിട്ട സഹായമാണ് താൻ മുഖ്യ മന്ത്രിയായിരുന്ന കാലയളവിൽ നൽകിയതെന്ന് വ്യക്തമാക്കാൻ അന്വേഷണ ഏജൻസിക്ക് സാധിച്ചിട്ടില്ല. മുൻപ് കോടതികൾ പരിശോധിച്ച വിഷയങ്ങളിൽ ഒരു വ്യക്തി എത്ര തവണ നിരപരാധിത്വം തെളിയിക്കണം. അന്വേഷണ ഏജൻസി കുറച്ചെങ്കിലും അന്തസ്സ് കാണിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
ഡയറിയിൽ കാണിച്ച 'പി.വി' താനല്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. അന്വേഷണ ഏജൻസി ഡി.ജി.പിക്ക് നൽകിയ കത്തിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുകയാണുണ്ടായത്. സി.പി.ഐ.എമ്മിനെ തകർക്കാൻ കോൺഗ്രസും ബി.ജെ.പിയും കൈകോർക്കുകയാണെന്നും എന്ത് ആക്രമണം ഉണ്ടായാലും ഇത്തരം ഭീഷണികൾക്ക് മുന്നിൽ പാർട്ടി തകരില്ലെന്നും കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേർത്തു.
