സംസ്ഥാനത്ത് വീടുകളിൽനിന്നുള്ള അജൈവമാലിന്യ ശേഖരണ രീതിയിൽ സമഗ്രമായ മാറ്റങ്ങൾ വരുന്നു. സംസ്കരിച്ച് വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന മാലിന്യങ്ങൾ നൽകുന്ന വീട്ടുകാർക്ക് അതിനു തക്ക പ്രതിഫലം നൽകുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണ്. മാലിന്യങ്ങൾ കൃത്യമായി തരംതിരിക്കാനും ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ വിനിയോഗം കുറയ്ക്കാനും ജനങ്ങളെ പ്രേരിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഹരിതകർമസേന വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും യൂസർ ഫീ ശേഖരിക്കുന്നത് തുടരുമെങ്കിലും വീടുകളുടെ വലുപ്പം അടിസ്ഥാനമാക്കി ഫീസ് തുക നിശ്ചയിക്കാനും ആലോചനയുണ്ട്. ഇതോടെ ചെറിയ വീടുകൾക്ക് കുറഞ്ഞ യൂസർഫീ നൽകിയാൽ മതിയാകും. യൂസർഫീ പിരിവ് ഇനി മുതൽ കൃത്യമായ ഓഡിറ്റിംഗിന് വിധേയമാക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പിന്റെ യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടന്നത്.
