ന്യൂഡൽഹി/കോഴിക്കോട്: 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകൾക്ക് ബാങ്കുകൾ വ്യാപാരികളിൽ നിന്ന് പുതിയ സർവീസ് ചാർജ് ഈടാക്കാൻ തീരുമാനിച്ചതിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങി പെട്രോൾ പമ്പ് ഡീലർമാരും വ്യാപാരികളും. ഒക്ടോബർ 15 മുതൽ പെട്രോൾ പമ്പുകളിൽ 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് അഞ്ച് രൂപ വീതവും, മറ്റ് വ്യാപാര മേഖലകളിൽ 0.40 ശതമാനം നിരക്കിൽ മർച്ചന്റ് ഡിസ്കൗണ്ട് റേറ്റും (എംഡിആർ) ഈടാക്കാനാണ് നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വിജ്ഞാപനം ഇറക്കിയത്.
ഉത്തരവ് ഒക്ടോബർ 15-നകം പിൻവലിച്ചില്ലെങ്കിൽ 2,000 രൂപയ്ക്ക് മുകളിലുള്ള ഇന്ധന വിൽപനയ്ക്ക് യുപിഐ പൂർണമായി ഒഴിവാക്കി ഡിജിറ്റൽ പേയ്മെന്റുകൾ സ്വീകരിക്കില്ലെന്നും പണമായി മാത്രമേ തുക സ്വീകരിക്കൂ എന്നും വ്യാപാരി സംഘടനകൾ മുന്നറിയിപ്പ് നൽകി. 70,000-ത്തിലധികം പമ്പ് ഉടമകളെ പ്രതിനിധീകരിക്കുന്ന കൺസോർഷ്യം ഓഫ് ഇന്ത്യൻ പെട്രോളിയം ഡീലേഴ്സ് (സിഐപിഡി) കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിനും പൊതുമേഖലാ എണ്ണക്കമ്പനികൾക്കും എൻപിസിഐക്കും കത്തയച്ചിട്ടുണ്ട്.
കഴിഞ്ഞ എട്ട് വർഷമായി പെട്രോൾ പമ്പ് ഡീലർ കമ്മീഷൻ പുതുക്കി നിശ്ചയിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ പുതിയ ഫീസ് കൂടി നൽകേണ്ടി വരുന്നത് വലിയ സാമ്പത്തിക ബാധ്യതയാകുമെന്നാണ് പമ്പ് ഉടമകളുടെ നിലപാട്. ഹൈവേകളിലും നഗരങ്ങളിലും എത്തുന്ന വാഹനങ്ങൾ വലിയ തുകയ്ക്ക് ഇന്ധനം നിറയ്ക്കുമ്പോൾ ഓരോ ഇടപാടിനും ബാങ്കുകൾ തുക പിടിക്കുന്നത് പ്രതിമാസം ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടാക്കുമെന്ന് ഡീലർമാർ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, മറ്റ് വ്യാപാര സ്ഥാപനങ്ങളിൽ ഒരു ദിവസം നൂറോളം പേർ 2,000 രൂപയ്ക്ക് മുകളിലുള്ള പർച്ചേസ് നടത്തിയാൽ പ്രതിദിനം എണ്ണൂറ് രൂപയോളം കമ്മീഷനായി നൽകേണ്ടി വരുമെന്ന് വ്യാപാരികളും ആശങ്കപ്പെടുന്നു. നികുതിഭാരവും ഓൺലൈൻ വ്യാപാരത്തോടുള്ള മത്സരവും കാരണം പ്രതിസന്ധിയിലായ വിപണിയെ ഈ നീക്കം കൂടുതൽ തകർക്കും. സർവീസ് ചാർജ് ഒഴിവാക്കാനായി വ്യാപാരികൾ ഉൽപന്നങ്ങൾക്ക് വില കൂട്ടിയാൽ അത് ഉപഭോക്താക്കൾക്കും തിരിച്ചടിയാകും. വിഷയം ചൂണ്ടിക്കാട്ടി വ്യാപാര സംഘടനകൾ കേന്ദ്രമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.
