Zygo-Ad

വിദ്യാർത്ഥികൾക്ക് എംഡിഎംഎ വിതരണം: കോളേജ് അധ്യാപകൻ ഉൾപ്പെടെ നാല് പേർ നിലമ്പൂരിൽ അറസ്റ്റിൽ

 


നിലമ്പൂർ: കലാലയങ്ങളിലെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും എംഡിഎംഎ വിൽപന നടത്തിവന്ന കോളേജ് അധ്യാപകൻ ഉൾപ്പെടെ നാലംഗ സംഘത്തെ നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. മമ്പാട് എം.ഇ.എസ്. കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം താൽക്കാലിക അധ്യാപകനായ മോങ്ങം അരിമ്പ്ര സ്വദേശി സുഹൈൽ പെരിങ്ങോടൻ, എടവണ്ണ സ്വദേശിനി ടി.എൻ. റീന, നിലമ്പൂർ സ്വദേശികളായ വിവേക് വിജയൻ, സുബ്രഹ്മണ്യൻ എന്നിവരാണ് പിടിയിലായത്.

പ്രതികളിലൊരാളായ സുബ്രഹ്മണ്യനിൽനിന്ന് നേരത്തെ 0.4 ഗ്രാം എംഡിഎംഎയും 0.5 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തിരുന്നു. തുടർന്ന് റീനയുടെ വീടിന് സമീപം ഉപേക്ഷിക്കപ്പെട്ട കാറിൽ നടത്തിയ പരിശോധനയിൽ കൂടുതൽ എംഡിഎംഎ കണ്ടെത്തുകയും ശാസ്ത്രീയ ചോദ്യം ചെയ്യലിൽ ലഹരി വിതരണത്തിലെ അധ്യാപകന്റെ പങ്ക് വ്യക്തമാകുകയും ചെയ്യുകയായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി മമ്പാട് കോളേജിൽ ജോലി ചെയ്തുവരുന്ന സുഹൈൽ, കൊണ്ടോട്ടി, മഞ്ചേരി ഭാഗങ്ങളിലെ മൊത്തവിതരണക്കാരിൽനിന്ന് എംഡിഎംഎ വാങ്ങി വിദ്യാർത്ഥികൾക്കും സുഹൃത്തുക്കൾക്കും ഉയർന്ന വിലയ്ക്ക് വിൽക്കുകയായിരുന്നു പതിവ്. ഇയാൾ സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്നും സമ്മതിച്ചിട്ടുണ്ട്.

നിലമ്പൂർ സബ് ഇൻസ്പെക്ടർ കെ.എം. അർഷിദിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. നിലമ്പൂർ ഡിവൈഎസ്പി കെ. റഫീക്കിന്റെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ എൻ.ബി. ഷൈജുവിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ലഹരി ശൃംഖലയിലെ കൂടുതൽ ആളുകളെ കണ്ടെത്താൻ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

 

വളരെ പുതിയ വളരെ പഴയ