Zygo-Ad

വീട്ടിൽ നിന്ന് മദ്യം പിടികൂടിയ കേസ്: ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ തള്ളി

 


വയനാട്: വീട്ടിൽ നിന്ന് വൻതോതിൽ വിദേശമദ്യവും ഇന്ത്യൻ നിർമ്മിത മദ്യവും പിടികൂടിയ കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ടി.വി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുൽത്താൻ ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസിൽ കഴിഞ്ഞ ദിവസം 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത ഇയാൾ നിലവിൽ മാനന്തവാടി ജില്ലാ ജയിലിലാണ്.

കൊച്ചിയിലെ റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെത്തി വയനാട്ടിൽ നിന്നുള്ള എക്‌സൈസ് സംഘമാണ് ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തത്. അബ്കാരി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. വീടിന്റെ ഒന്നാം നിലയിൽ നിന്ന് 138 കുപ്പി മദ്യമാണ് എക്‌സൈസ് പിടിച്ചെടുത്തത്. ഇത് വിൽപ്പനയ്ക്കായി സൂക്ഷിച്ചതാണെന്നാണ് എഫ്.ഐ.ആറിലെ പ്രാഥമിക നിഗമനം. അഞ്ച് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്.

മദ്യം പിടിച്ചെടുത്ത വീട് ആന്റോയുടെ ഉടമസ്ഥതയിലുള്ളതല്ലെന്നും മറ്റൊരാൾ വാങ്ങിയതാണെന്നും പ്രതിഭാഗം വാദിച്ചെങ്കിലും, കെട്ടിടം ആന്റോയുടെ പേരിലാണെന്ന് വ്യക്തമാക്കുന്ന രേഖകൾ പ്രോസിക്യൂഷൻ ഹാജരാക്കി. തുടരന്വേഷണത്തിന് ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

 

വളരെ പുതിയ വളരെ പഴയ