തിരുവനന്തപുരം: എയിഡഡ് വിദ്യാഭ്യാസ മേഖലയിലെ അനധ്യാപക ജീവനക്കാരുടെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി അംഗീകൃത അനധ്യാപക സംഘടനകളുടെ യോഗം വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേർത്തു. പൊതുവിദ്യാഭ്യാസ ഡയറക്ടർ അരുൺ വിജയൻ ഐഎഎസ്, വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
യോഗത്തിൽ എയിഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി പി മുന്നാസ്, സംസ്ഥാന ജനറൽ സെക്രട്ടറി പ്രശോഭ് കൃഷ്ണൻ ജി പി, സംസ്ഥാന ട്രഷറർ ഗോപികൃഷ്ണൻ എൻസിറ്റി എന്നിവർ പങ്കെടുക്കുകയും അനധ്യാപക മേഖല നേരിടുന്ന പ്രധാന പ്രശ്നങ്ങൾ മന്ത്രിക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു.
വിഷയങ്ങളെ വളരെ ക്രിയാത്മകമായി സമീപിച്ച മന്ത്രി, ഇവ പരിഹരിക്കുന്നതിനാവശ്യമായ ഇടപെടലുകൾ വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ഉറപ്പുനൽകി. പ്രശ്നങ്ങൾ വിശദമായി പരിശോധിക്കുന്നതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടർ അധ്യക്ഷനായി എയിഡഡ് സ്കൂൾ സംഘടനാ ഭാരവാഹികളെ ഉൾപ്പെടുത്തി സബ്കമ്മിറ്റി രൂപീകരിക്കാനും തീരുമാനമായി. മൂന്നുമാസത്തിനകം റിപ്പോർട്ട് നൽകാനാണ് കമ്മിറ്റിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. അനധ്യാപക ജീവനക്കാരുടെ വിഷയങ്ങളിൽ അനുകൂലവും അനുഭവപൂർണ്ണവുമായ നിലപാടെടുത്ത മന്ത്രിയെ എയിഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അഭിനന്ദിച്ചു.
