കണ്ണൂർ: കമ്യൂണിസ്റ്റ് പാർട്ടിയിൽ അടിയന്തരമായി ശുദ്ധീകരണം ആവശ്യമാണെന്നും അണികളുടെ അഭിപ്രായം കേട്ട് തെറ്റുകൾ തിരുത്തി പാർട്ടി മുന്നോട്ടു പോകണമെന്നും സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ. സി.പി.ഐ.എം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക പോഡ്‌കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ സ്വാധീനത്തിൽ ഇടതുപക്ഷത്തിന് എവിടെയാണ് പിന്നോട്ടടി സംഭവിച്ചതെന്ന് ഗൗരവമായി പരിശോധിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാർട്ടി സംഘടനാ പ്രവർത്തനങ്ങളിൽ പോരായ്മകൾ സംഭവിച്ചിട്ടുണ്ടെന്നും തെറ്റുകൾ തിരുത്തി ശക്തമായി തിരിച്ചുവരാൻ ഇടതുപക്ഷത്തിന് സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അണികളുടെ പ്രതികരണങ്ങളും വിമർശനങ്ങളും ഉൾക്കൊണ്ട് പാർട്ടി സംവിധാനത്തെ കൂടുതൽ സുതാര്യവും ജനകീയവുമാക്കണമെന്നും പി. ജയരാജൻ കൂട്ടിച്ചേർത്തു.
