ന്യൂഡൽഹി: ദേശീയ യോഗ്യതാ പരീക്ഷയായ നീറ്റ് (NEET) ഉടൻ തന്നെ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി (CBT) മാറ്റുമെന്ന് ദേശീയ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) ഡയറക്ടർ ജനറൽ അഭിഷേക് സിങ് അറിയിച്ചു. നിലവിൽ എൻ.ടി.എ നടത്തുന്ന പ്രധാന പരീക്ഷകളിൽ നീറ്റ് മാത്രമാണ് ഒ.എം.ആർ പേപ്പർ അധിഷ്ഠിതമായി തുടരുന്നത്.
ജെ.ഇ.ഇ, യു.ജി.സി-നെറ്റ്, സി.യു.ഇ.ടി, എൻ.ഐ.എഫ്.ടി തുടങ്ങിയ പരീക്ഷകളെല്ലാം നിലവിൽ കമ്പ്യൂട്ടർ അധിഷ്ഠിതമായാണ് നടക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ, നീറ്റ് പരീക്ഷയും ഓൺലൈൻ രീതിയിലേക്ക് മാറ്റുന്നതിനായി കേന്ദ്ര സർക്കാർ നിയോഗിച്ച ഉന്നതതല ദൗത്യസംഘം നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
പരീക്ഷാ തട്ടിപ്പുകളും ക്രമക്കേടുകളും പൂർണ്ണമായും തടയുന്നതിനായി നിർമ്മിതബുദ്ധിയുടെ (എ.ഐ) സാധ്യതകൾ പ്രയോജനപ്പെടുത്താനും എൻ.ടി.എ ലക്ഷ്യമിടുന്നുണ്ട്. പരീക്ഷ ലോഗുകൾ, ഡാറ്റാ വി വിശകലനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത അനലിറ്റിക്സ് എന്നിവ ഉപയോഗിച്ച് ക്രമക്കേടുകളും സാങ്കേതിക പിഴവുകളും കൃത്യമായി കണ്ടെത്താനുള്ള സമഗ്രമായ സുരക്ഷാ പദ്ധതികളും തയ്യാറാക്കിവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
