Zygo-Ad

സ്ത്രീകൾ അടച്ചുപൂട്ടിയിരിക്കേണ്ടവരാണെന്ന് പറഞ്ഞിട്ടില്ല: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ


കണ്ണൂർ: സ്ത്രീകൾ അടച്ചുപൂട്ടിയിരിക്കേണ്ടവരാണെന്ന് താൻ പറഞ്ഞതായി ചില മാധ്യമങ്ങൾ തെറ്റായ പ്രചാരണം നടത്തുകയാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. പുതുക്കിപ്പണിത പടിക്കൽ മഹല്ല് ജുമുഅ മസ്ജിദ് ഉദ്ഘാടനത്തിന് ശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താൻ നടത്തുന്ന മർകസ് സ്ഥാപനങ്ങളിൽ മാത്രം അയ്യായിരത്തിലധികം പെൺകുട്ടികൾ പഠിക്കുന്നുണ്ടെന്നും, പെൺകുട്ടികൾക്കായി പ്രത്യേക പഠനകേന്ദ്രങ്ങൾ മർകസിന് കീഴിലുണ്ടെന്നും കാന്തപുരം പറഞ്ഞു. സ്ത്രീകളെ അടച്ചുപൂട്ടിയിടണമെന്ന് താനോ മറ്റ് മതാചാര്യന്മാരോ പറഞ്ഞിട്ടില്ല. എന്നാൽ ഇസ്‌ലാമിക കൽപ്പന പ്രകാരം സ്ത്രീകൾ ചില മര്യാദകളും അച്ചടക്കവും പാലിക്കേണ്ടതുണ്ട്. ഇസ്‌ലാം വിരോധിച്ച രീതിയിലുള്ള സ്ത്രീ-പുരുഷ ഇടപെടലുകൾ കാണുമ്പോൾ പണ്ഡിതന്മാർ ചൂണ്ടിക്കാണിക്കാറുണ്ടെന്നും അതിനെ സ്ത്രീവിരുദ്ധമായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മതങ്ങൾ തമ്മിൽ ഐക്യവും സൗഹാർദ്ദവും വേണമെന്നും മറ്റ് മതസ്ഥരുമായി എതിർപ്പുകൾ ഉണ്ടാകരുതെന്നും കാന്തപുരം ഓർമ്മിപ്പിച്ചു. ഓരോ മതസ്ഥരും അവരവരുടെ നിയമങ്ങൾ അനുസരിച്ച് ജീവിക്കണമെന്നും നാടിന്റെ സമാധാനം തകർക്കുന്ന കുഴപ്പങ്ങൾ സൃഷ്ടിക്കരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.



വളരെ പുതിയ വളരെ പഴയ