ന്യൂഡൽഹി: വാഹനങ്ങളിൽ പിൻസീറ്റ് യാത്രക്കാർ ഉൾപ്പെടെ എല്ലാവരും സീറ്റ് ബെൽറ്റ് ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും നിയമങ്ങൾ കർശനമായി നടപ്പാക്കാനും നിയമപാലകർക്ക് സുപ്രീംകോടതിയുടെ കശന നിർദേശം. സീറ്റ് ബെൽറ്റ് ധരിക്കുന്നത് കേവലം ഔദ്യോഗിക ചടങ്ങല്ലെന്നും, അതൊരു ജീവൻ രക്ഷാ കവചമാണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കേന്ദ്ര മോട്ടോർ വാഹന നിയമം 1989 (റൂൾ 138(3)) അനുസരിച്ച്, വാഹനം സഞ്ചരിക്കുമ്പോൾ ഡ്രൈവറും മുൻസീറ്റിലിരിക്കുന്ന വ്യക്തിയും മുൻവശത്തേക്ക് നോക്കിയിരിക്കുന്ന പിൻസീറ്റിലെ യാത്രക്കാരും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണമെന്ന് കോടതി ഓർമ്മിപ്പിച്ചു. സീറ്റ് ബെൽറ്റ് നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവുകൾ കർശനമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹരജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ പരാമർശം. നിലവിലുള്ള നിയമങ്ങൾ വ്യക്തമാണെന്നും പ്രശ്നം അവയുടെ കൃത്യമായ നടപ്പാക്കലിലാണെന്നും കോടതി ചൂണ്ടികാട്ടി.
ലോകത്തിലെ ആകെ കാറുകളുടെ ഒരു ശതമാനം മാത്രമുള്ള ഇന്ത്യയിലാണ് ആഗോള റോഡപകട മരണങ്ങളുടെ ഏകദേശം 11 ശതമാനവും നടക്കുന്നതെന്നും ഇതിൽ വലിയൊരു പങ്കും സീറ്റ് ബെൽറ്റ് ധരിക്കാത്തതു മൂലം സംഭവിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 194 ബി പ്രകാരം സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നത് കുറ്റകരവും ആയിരം രൂപ വരെ പിഴ ഈടാക്കാവുന്നതുമാണ്.
