തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ കള്ളപ്പണം വെളുപ്പിച്ചതിന്റെയും ഹവാല ഇടപാടുകളുടെയും തെളിവുകളുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കള്ളപ്പണ ഇടപാടിൽ വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിന് മുഖ്യപങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇ.ഡി സംസ്ഥാന പോലീസ് മേധാവിക്ക് 25 പേജുള്ള കത്ത് കൈമാറി.
തിരുവനന്തപുരത്ത് വിജയനൊപ്പം വീണ താമസിച്ച വാടകവീട്ടിൽ മെയ് 27-ന് നടത്തിയ പരിശോധനയിലാണ് ഡയറിയും കുറിപ്പുകളും കണ്ടെത്തിയത്. ഈ കുറിപ്പുകൾ തന്റേത് തന്നെയാണെന്ന് വീണ സമ്മതിച്ചിട്ടുണ്ടെന്ന് ഇ.ഡി വ്യക്തമാക്കുന്നു. റിയാസിന്റെ സുഹൃത്തുക്കൾക്കും സ്റ്റാഫ് അംഗങ്ങൾക്കും കള്ളപ്പണ ഇടപാടിൽ പങ്കുണ്ടെന്നും, ഇതിനായി 'നമ്മൾ ബേപ്പൂർ കോർ ടീം' എന്ന പേരിൽ 16 അംഗ വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നതായും കത്തിൽ ആരോപിക്കുന്നു.
2024 മെയ് മാസത്തിൽ വീണയും റിയാസും നടത്തിയ ദുബായ് യാത്ര കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമായിരുന്നുവെന്നും, ദുബായിൽ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ മറവിൽ ബെനാമി കമ്പനി തുടങ്ങാൻ ശ്രമിച്ചതായും ഇ.ഡി കത്തിൽ ചൂണ്ടിക്കാട്ടുന്നു. റിയാസിന്റെ അറിവോടെ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ വഴി 2024 ജൂലൈ മുതൽ 2025 ജൂലൈ വരെ കോടിക്കണക്കിന് രൂപയുടെ ഹവാല ഇടപാടുകൾ നടന്നതായും ഇ.ഡി ഡയറക്ടറേറ്റ് ആരോപിച്ചു. വിഷയത്തിൽ സംസ്ഥാന പോലീസ് കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ഇ.ഡിയുടെ ആവശ്യം.
