കൊച്ചി: എൻ.സി.പി. (എസ്), കോൺഗ്രസ് (എസ്) എന്നീ പാർട്ടികൾ സംയോജിച്ച് 'സി.എസ്.പി.' എന്ന ചുരുക്കപ്പേരിൽ പുതിയ രാഷ്ട്രീയ പ്രസ്ഥാനമായി പ്രവർത്തിക്കാൻ തീരുമാനിച്ചു. എ.കെ. ശശീന്ദ്രനും കടന്നപ്പള്ളി രാമചന്ദ്രനും കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ലയന പ്രഖ്യാപനം നടത്തിയത്.
കോൺഗ്രസ് സെക്യുലർ പാർട്ടി, കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി എന്നീ പേരുകളാണ് പുതിയ പാർട്ടിയുടെ അംഗീകാരത്തിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചിട്ടുള്ളത്. ലയനം പൂർത്തിയായതോടെ ഇനിമുതൽ ഇരു വിഭാഗങ്ങളും ഒറ്റ പാർട്ടിയായി മുന്നോട്ടുപോകുമെന്ന് നേതാക്കൾ അറിയിച്ചു. പുതിയ പാർട്ടിയുടെ പാർലമെന്ററി ബോർഡ് ചെയർമാനായി എ.കെ. ശശീന്ദ്രനെ ഏകകണ്ഠമായി തെരഞ്ഞെടുത്തു.
സംയോജിത പാർട്ടിയുടെ ആദ്യ പ്രഖ്യാപന പൊതുസമ്മേളനം ഒക്ടോബർ 24, 25 തീയതികളിൽ എറണാകുളത്ത് വെച്ച് നടക്കും. യുവാക്കളെക്കൂടി ആകർഷിക്കുന്ന രീതിയിലുള്ള വികേന്ദ്രീകൃത സംഘടനാ സംവിധാനവും പുതിയ ഭരണഘടനയും പാർട്ടിക്ക് രൂപം നൽകുമെന്ന് നേതാക്കൾ വ്യക്തമാക്കി.
