Zygo-Ad

തിരുവോണം ബംപർ ഷെയറിട്ട് വാങ്ങിയവർ ശ്രദ്ധിക്കുക: സമ്മാനം അടിച്ചാലും നികുതി കുരുക്കിലാകാൻ സാധ്യത


ഓണം ബംപർ ലോട്ടറി ടിക്കറ്റുകൾ കൂട്ടുകാരുമായോ ബന്ധുക്കളുമായോ ചേർന്ന് ഷെയറിട്ട് വാങ്ങുന്നവർ നികുതി നിയമങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ വലിയ സാമ്പത്തിക ബാധ്യത നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്. 500 രൂപ വിലയുള്ള ടിക്കറ്റുകൾ ഒന്നിലധികം പേർ ചേർന്ന് എടുക്കുന്ന രീതി വ്യാപകമാണെങ്കിലും, സമ്മാനത്തുക കൈപ്പറ്റുമ്പോൾ ലോട്ടറി വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ഒരേ തുകയ്ക്ക് രണ്ടുതവണ നികുതി നൽകേണ്ട അവസ്ഥയുണ്ടാകും.

ഒന്നിലധികം പേർ ചേർന്നെടുത്ത ടിക്കറ്റിന്റെ സമ്മാനത്തുക ഒരാൾ മാത്രം ബാങ്ക് അക്കൗണ്ടിലേക്ക് വാങ്ങുകയും പിന്നീട് മറ്റുള്ളവർക്ക് വീതിച്ചുനൽകുകയും ചെയ്യുമ്പോൾ, തുക മുഴുവൻ വാങ്ങിയ വ്യക്തിയുടെ പേരിലാണ് ബാധ്യത വരുന്നത്. കൂടാതെ മറ്റുള്ളവർക്ക് നൽകുന്ന വിഹിതം 'സമ്മാനം' (Gift) ആയി കണക്കാക്കി, സ്വീകരിക്കുന്നവരുടെ നികുതി സ്ലാബ് അനുസരിച്ച് ബാധ്യതകൾ വരാനും സാധ്യതയുണ്ട്.

ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ ലോട്ടറി എത്തുമ്പോൾ തന്നെ ജോയിന്റ് ഡിക്ലറേഷൻ ഫോം പൂരിപ്പിച്ച് നൽകണം. സമ്മാനത്തിന് അവകാശമുള്ള എല്ലാ പങ്കാളികളുടെയും പേരും പാൻ കാർഡ് വിവരങ്ങളും ഇതിൽ രേഖപ്പെടുത്തണം. ഇതുവഴി ഓരോരുത്തരുടെയും വിഹിതത്തിന് അനുസരിച്ച് കൃത്യമായി ടിഡിഎസ് (TDS), സർചാർജ്, സെസ് എന്നിവ കണക്കാക്കി വ്യക്തിഗതമായി തുക കൈമാറാൻ ലോട്ടറി വകുപ്പിന് സാധിക്കും.

ഉദാഹരണത്തിന്, രണ്ടാം സമ്മാനമായ ഒരു കോടി രൂപ ലഭിക്കുന്ന വ്യക്തിക്ക് ഏജൻസി കമ്മീഷനും (10 ലക്ഷം), ടിഡിഎസ് (27 ലക്ഷം), സർചാർജ് (2.7 ലക്ഷം), സെസ് (1,18,800 രൂപ) എന്നിവ കുറച്ച് ഏകദേശം 63 ലക്ഷം രൂപയാണ് കയ്യിൽ ലഭിക്കുക. അതിനാൽ ഷെയറിട്ട് ലോട്ടറി എടുത്തവർ സമ്മാനം ക്ലെയിം ചെയ്യുന്നതിന് മുമ്പ് മറ്റു പങ്കാളികളുടെ നികുതി രേഖകൾ കൃത്യമായി ഹാജരാക്കാൻ ശ്രദ്ധിക്കണമെന്ന് അധികൃതർ വ്യക്തമാക്കുന്നു.




വളരെ പുതിയ വളരെ പഴയ