വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (യുഎഫ്ബിയു) നേതൃത്വത്തിൽ രാജ്യവ്യാപകമായി ബാങ്കുകൾ പണിമുടക്കി. ചീഫ് ലേബർ കമ്മീഷണറുടെ സാന്നിധ്യത്തിൽ നടന്ന അനുരഞ്ജന ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ജീവനക്കാർ പണിമുടക്കിലേക്ക് നീങ്ങിയത്.
ആഴ്ചയിൽ അഞ്ച് ദിവസത്തെ പ്രവൃത്തിദിനം അനുവദിക്കുക, കേന്ദ്രസർക്കാർ കൊണ്ടുവന്ന പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക, ജീവനക്കാരുടെ താല്പര്യങ്ങൾക്ക് വിരുദ്ധമായ ഏകപക്ഷീയമായ മാറ്റങ്ങൾ പിൻവലിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. വെള്ളിയാഴ്ചത്തെ പണിമുടക്കിന് പുറമെ രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും വരുന്നതിനാൽ തുടർച്ചയായി മൂന്ന് ദിവസം ബാങ്ക് സേവനങ്ങൾ തടസ്സപ്പെടും.
പണിമുടക്കിന്റെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കണ്ണൂർ ബ്രാഞ്ച് പരിസരത്ത് സംഘടിപ്പിച്ച ധർണ ഡോക്ടർ വി ശിവദാസൻ എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ സി വി പ്രസന്നൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സെപ്റ്റംബർ 28, 29, 30 തീയതികളിൽ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്കും, തുടർന്നും പരിഹാരമുണ്ടായില്ലെങ്കിൽ ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുമെന്നും യൂണിയനുകൾ മുന്നറിയിപ്പ് നൽകി.
