Zygo-Ad

എ ഐ ക്യാമറ വഴിയുള്ള പിഴ ഈടാക്കൽ നിർത്തിവെച്ചു; കെൽട്രോണിന് തുക കുടിശ്ശിക വരുത്തിയത് തിരിച്ചടിയായി

 


സംസ്ഥാനത്ത് എ ഐ ക്യാമറകൾ വഴിയുള്ള ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ ഈടാക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചു. ഹാക്കിങ് തടയുന്നതിനുള്ള സുരക്ഷാ സംവിധാനത്തിന്റെ ലൈസൻസ് കെൽട്രോൺ പുതുക്കാത്തതാണ് ഇതിന് കാരണമായത്. സർക്കാർ 50 കോടി രൂപയുടെ കുടിശ്ശിക വരുത്തിയതാണ് നിലവിലെ പ്രതിസന്ധിക്ക് വഴിവെച്ചത്.

കഴിഞ്ഞ ഒരാഴ്ചയായി എ ഐ ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നതും ഗതാഗത ലംഘകർക്ക് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് അയക്കുന്നതും നിർത്തിവെച്ചിരിക്കുകയാണ്. പദ്ധതിയുടെ നിർവ്വഹണ ചുമതലയുള്ള കെൽട്രോണിന് കഴിഞ്ഞ ഒരു വർഷമായി സർക്കാർ തുക കൈമാറിയിരുന്നില്ല.

എ ഐ ക്യാമറകൾ പകർത്തുന്ന ദൃശ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഹാക്കിങ് തടയുന്നതിനുമുള്ള ലൈസൻസ് പുതുക്കാൻ തുക ലഭ്യമാകാത്തതിനാൽ കെൽട്രോണിന് സാധിച്ചില്ല. ഇതോടെയാണ് ദൃശ്യങ്ങൾ പരിശോധിച്ച് നോട്ടീസ് നൽകുന്ന നടപടികൾ മോട്ടോർ വാഹന വകുപ്പ് തടഞ്ഞുവെച്ചത്. സർക്കാർ കുടിശ്ശിക തുക അനുവദിക്കുന്നതോടെ നടപടികൾ പുനരാരംഭിക്കും. അതേസമയം റോഡുകളിലെ എ ഐ ക്യാമറകൾ നിയമലംഘനങ്ങൾ പകർത്തി സൂക്ഷിക്കുന്നത് തുടരുന്നുണ്ട്.

 

വളരെ പുതിയ വളരെ പഴയ