തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാനത്തിന് വീണ്ടും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക കത്ത്. പദ്ധതിയിൽ കേരളം ഭാഗമായി തുടരണമെന്നും തുടര്‍നടപടികൾ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് രണ്ടാമത്തെ സന്ദേശം ലഭിച്ചു. വിഷയത്തിൽ അടിയന്തര കൂടിയാലോചനകൾക്ക് ശേഷം മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു.
പദ്ധതി പൂർണ്ണമായി തള്ളണോ അതോ ഉപാധികളോടെ സ്വീകരിക്കണോ എന്നത് സർക്കാരിലും യുഡിഎഫ് മുന്നണിയിലും ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും പദ്ധതിയോട് യുഡിഎഫിന് എതിർപ്പുള്ള നിലപാടാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം എസ്എസ്കെ ഫണ്ട് ഉൾപ്പെടെ വിദ്യാഭ്യാസ വകുപ്പിന് അവകാശപ്പെട്ട രണ്ടായിരം കോടിയോളം രൂപ ലഭിക്കാനുണ്ടെന്നും പിഎം ശ്രീ ഒപ്പിടാത്തതിന്റെ പേരിൽ തടഞ്ഞുവെച്ച അർഹതപ്പെട്ട ഈ തുക ഉടൻ അനുവദിക്കണമെന്ന് കേന്ദ്രമന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ് മുൻപ് കരാറിൽ ഒപ്പിട്ട് പദ്ധതിക്ക് തയ്യാറാണെന്ന് കേന്ദ്രത്തെ അറിയിച്ചതെന്നും പിന്നീട് പ്രതിഷേധങ്ങളെ തുടർന്ന് നിർത്തിവെക്കുകയായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതി നടപ്പാക്കാത്തതിനെ തുടർന്ന് ഫണ്ടുകൾ തടഞ്ഞുവെക്കപ്പെട്ടത് വിദ്യാഭ്യാസ മേഖലയെ ബാധിച്ചിട്ടുണ്ട്. പദ്ധതി വിശകലനം ചെയ്യാൻ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ടിന്റെയും മുഖ്യമന്ത്രിയുടെ തീരുമാനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും സംസ്ഥാനത്തിന്റെ അടുത്ത നടപടികൾ.
