ചണ്ഡീഗഡ്: ഉപഭോക്താവിന്റെ അക്കൗണ്ടിൽനിന്ന് അനുമതിയില്ലാതെ 20 രൂപ പിടിച്ചെടുത്ത ബാങ്കിന് 15,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ കോടതി. പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന പദ്ധതിയുടെ ഭാഗമെന്ന വ്യാജേന അനധികൃതമായി തുക ഈടാക്കിയതിനാണ് കോടതി ബാങ്കിനോട് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. സംഭവം സാമ്പത്തികവും മാനസികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപഭോക്തൃ കോടതിയുടെ നടപടി.
വർഷങ്ങളായി താൻ ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടിൽനിന്ന് തന്റെ യാതൊരുവിധ അനുമതിയും കൂടാതെയാണ് ഇൻഷുറൻസ് പ്രീമിയം തുകയായി 20 രൂപ പിടിച്ചെടുത്തതെന്ന് പരാതിക്കാരൻ വ്യക്തമാക്കി. അപേക്ഷാ ഫോമിലോ സമ്മതപത്രത്തിലോ താൻ ഒപ്പുവെച്ചിട്ടില്ലെന്നും അക്കൗണ്ട് ഉടമയുടെ അനുമതിയില്ലാതെ പണം പിടിച്ചത് ഗുരുതരമായ സേവനവീഴ്ചയാണെന്നും അദ്ദേഹം വാദിച്ചു. കേസ് കോടതിയിലെത്തിയതോടെ ഈടാക്കിയ തുക പലിശസഹിതം അക്കൗണ്ടിലേക്ക് തിരിച്ചയച്ചതായി ബാങ്ക് അധികൃതർ അറിയിച്ചു.
സിസ്റ്റത്തിലുണ്ടായ സാങ്കേതിക തകരാർ മൂലമാണ് തുക ഈടാക്കപ്പെട്ടതെന്നും മനഃപൂർവം ചെയ്തതല്ലെന്നുമാണ് ബാങ്ക് കോടതിയിൽ വിശദീകരിച്ചത്. പിഴവ് തിരുത്തി തുക മടക്കിനൽകിയ സാഹചര്യത്തിൽ കൂടുതൽ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്നും ബാങ്ക് ബോധിപ്പിച്ചു. എന്നാൽ പരാതി നൽകിയ ഉടൻ പരിഹാരം കാണാൻ തയ്യാറാകാതിരുന്ന ബാങ്കിന്റെ നടപടിക്കെതിരെ 50,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഉപഭോക്താവ് കോടതിയെ സമീപിച്ചത്. തുടർന്ന് വാദങ്ങൾ കേട്ട കോടതി 15,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയായിരുന്നു.
