Zygo-Ad

പേർഷ്യൻ പൂച്ചയെ കാണിച്ചുതരാമെന്ന് പറഞ്ഞ് കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം; പ്രതിക്ക് മൂന്ന് വർഷം കഠിനതടവും പിഴയും


നാദാപുരം: പേർഷ്യൻ പൂച്ചയെ കാണിച്ചുതരാമെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് മൂന്ന് വർഷം കഠിനതടവും പതിനായിരം രൂപ പിഴയും ശിക്ഷ. മുതുകാട് സ്വദേശി തോണക്കര സെബാസ്റ്റ്യൻ എന്ന ഷിജുവിനെ (56) ആണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ദേവൻ കെ. മേനോൻ ശിക്ഷിച്ചത്.

2025 ഫെബ്രുവരി 15-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്ത് പ്രതി കുട്ടിയുടെ അടുത്തെത്തുകയും പേർഷ്യൻ പൂച്ചയെ കാണിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയുമായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്.

സംഭവത്തിൽ പെരുവണ്ണാമൂഴി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. അന്നത്തെ പെരുവണ്ണാമൂഴി പോലീസ് ഇൻസ്പെക്ടറും നിലവിൽ നാദാപുരം ഡിവൈ.എസ്.പിയുമായ പി.എം. മനോജ്, എസ്.ഐ ജിതിൻ വാസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കിയത്.

വിചാരണ വേളയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 11 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. എ.എസ്.ഐ ഷാനി പി.എം പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.



വളരെ പുതിയ വളരെ പഴയ