കണ്ണൂർ: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി കണ്ണൂർ ഉൾപ്പെടെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കണ്ണൂരിന് പുറമെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കാസർഗോഡ് എന്നീ ജില്ലകളിലാണ് ജാഗ്രതാനിർദ്ദേശം നൽകിയിട്ടുള്ളത്.
മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. അതിനാൽ മലയോര മേഖലകളിലും തീരദേശങ്ങളിലും വസിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
